തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍: പ്രശസ്തരുടെ ശിക്ഷ കൂടും; പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കും

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍:  പ്രശസ്തരുടെ ശിക്ഷ കൂടും; പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കും
X
maggy ads

പട്‌ന: ഉല്‍പന്നങ്ങളുടെ ഗുണമേന്‍മ പരിശോധിക്കാതെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ താരങ്ങളടക്കമുള്ള പ്രശസ്ത വ്യക്തികള്‍ക്കു കൂടുതല്‍ പിഴയും തടവും ചുമത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. നിലവിലുള്ള പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കാനും രണ്ടുവര്‍ഷത്തെ തടവുശിക്ഷ അഞ്ചുവര്‍ഷമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.
പാര്‍ലമെന്ററികാര്യ സമിതി അംഗീകരിച്ച 2016ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. അമിതാഭ് ബച്ചനെയും സല്‍മാന്‍ഖാനെയും പോലുള്ള സിനിമാതാരങ്ങള്‍ ഉപഭോക്താവിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നോ കഷണ്ടിയില്‍ മുടി വളരുമെന്നോ ഒക്കെയുള്ള സത്യമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിര്‍ത്തണം. ബോധ്യമുണ്ടെങ്കില്‍ മാത്രമേ പരസ്യത്തില്‍ പറയാന്‍ പാടുള്ളൂ- മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുക്കിയ നിയമപ്രകാരം ഗുണനിലവാരമില്ലാത്ത ഉല്‍പന്നത്തെക്കുറിച്ച് വീട്ടില്‍ നിന്നുതന്നെ ഉപഭോക്താവിന് പരാതിപ്പെടാം. ജില്ലാ-സംസ്ഥാനതല ഉപഭോക്തൃ കോടതിയുടെ നഷ്ടപരിഹാരത്തുക വിധിക്കാനുള്ള പരിധി ഉയര്‍ത്തും.
[related]ജില്ലാ കോടതിയുടെ പരിധി 20 ലക്ഷത്തില്‍ നിന്ന് ഒരു കോടിയാക്കും. സംസ്ഥാന കോടതിയുടേത് ഒരു കോടിയില്‍ നിന്ന് 14 കോടിയുമായാണു വര്‍ധിപ്പിക്കുക. പരാതികളില്‍ 21 ദിവസത്തിനകം കേസെടുക്കണമെന്നും പുതിയ നിയമത്തിലുണ്ട്- മന്ത്രി പറഞ്ഞു.

വിലകുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെയും ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനും നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it