Kollam Local

തെരുവ് വിളക്ക് പരിപാലനം: കരാര്‍ റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി മേയര്‍

കൊല്ലം: തെരുവ് വിളക്ക് പരിപാലനത്തില്‍ വീഴ്ച വരുത്തിയ അഡ്മീഡിയ എന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി മേയര്‍ അഡ്വ. വി രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. തെരുവ്‌വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത വിമര്‍ശനമാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്.

തെരുവുവിളക്കുകള്‍ കത്താത്തതിനെ കുറിച്ചുള്ള പരാതികള്‍ വ്യാപകമായതായി മേയര്‍ തുറന്ന് സമ്മതിച്ചു. കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് മേയര്‍ പറഞ്ഞു. കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അന്തിമമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിലുള്ളതിനാല്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുന്നില്ലെന്നും മേയര്‍ വിശദീകരിച്ചു.കോയിക്കല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജെ മീനുലാല്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രദേശവാസികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന അധിക്ഷേപത്തെ കുറിച്ച് വിശദീകരിച്ചത്. കല്ലുംതാഴം ഡിവിഷന്‍ കൗണ്‍സിലറായ ജെ വിജയലക്ഷ്മിയും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ കൗണ്‍സിലിന് മുമ്പാകെ വെളിപ്പെടുത്തി.
പ്രശ്‌നത്തെ ഇനിയും ലാഘവത്തോടെ സമീപിക്കാനാണ് ഭാവമെങ്കില്‍ അടുത്ത കൗണ്‍സില്‍ യോഗം യുഡിഎഫ് ബഹിഷ്‌ക്കരിക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ എ കെ ഹഫീസ് പറഞ്ഞു. തെരുവ് പരിപാലനത്തിന് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും റോഡു വക്കുകളില്‍ അപകടകരമായി നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും എസ്ഡിപിഐ കൗണ്‍സിലര്‍ എ നിസാര്‍ ആവശ്യപ്പെട്ടു. തെരുവുവിളക്കുകള്‍ കത്താത്തതും ലിങ്ക്‌റോഡില്‍ മാലിന്യനിക്ഷേപം അധികരിച്ചിട്ടുള്ള കാര്യവും മുന്‍ മേയര്‍ കൂടിയായ സിപിഐ അംഗം ഹണി കൗണ്‍സിലിന് മുമ്പാകെ അവതരിപ്പിച്ചു. കൊല്ലം ബീച്ചിലും സ്ഥിതി പ്രശ്‌നസങ്കീര്‍ണമാണ്. അവിടെ 16 കടകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാം എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായും ഹണി പറഞ്ഞു. തെരുവുവിളക്കുകള്‍ കത്തിക്കുന്നതില്‍ കരാറുകാര്‍ കാട്ടുന്ന അലംഭാവം നഗരവാസികളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. ജെ സൈജു പറഞ്ഞു. പോളയത്തോട് ശ്മശാനത്തില്‍ വെളിച്ചമില്ലാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മൃതദേഹങ്ങളോട് പോലും അനാദരവ് കാട്ടുകയാണെന്നും സൈജു വിമര്‍ശനമുന്നയിച്ചു. ശുദ്ധജലക്ഷാമവും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു. ജലഅതോറിട്ടി ഉദ്യോഗസ്ഥര്‍ കടുത്ത വീഴ്ചയാണ് വരുത്തുന്നതെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ കോര്‍പ്പറേഷന്‍ വെള്ളക്കരം അടയ്ക്കുകയില്ലെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ എംഎ സത്താര്‍ പറഞ്ഞു. കടുത്ത ശുദ്ധജലക്ഷാമം നേരിടുമ്പോഴും വലിയ തുകയാണ് വെള്ളക്കരമായി കോര്‍പ്പറേഷന്‍ അടയ്ക്കുന്നത്. ഫെബ്രുവരിയില്‍ 22 ലക്ഷം രൂപയും മാര്‍ച്ചില്‍ 49 ലക്ഷം രൂപയുമാണ് വെള്ളക്കരമായി അടച്ചത്. 50 ലക്ഷം രൂപ കുടിശിക വരുത്തിയെന്നാണ് ഇപ്പോള്‍ ജലഅതോറിട്ടിയുടെ ഭാഷ്യം. ബില്ലുകള്‍ നല്‍കുന്നതില്‍ കാട്ടുന്ന വ്യഗ്രത കുടിവെള്ളം നല്‍കുന്നതില്‍ അവര്‍ കാട്ടുന്നില്ലെന്നും എംഎ സത്താര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it