Kollam Local

തെരുവ് വിളക്ക് പരിപാലനം കോര്‍പറേഷന്‍ ഏറ്റെടുത്തേക്കും

കൊല്ലം: തെരുവ് വിളക്ക് പരിപാലനം വീണ്ടും കോര്‍പറേഷന്‍ ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയാകും. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി രാജേന്ദ്രബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തെരുവ് വിളക്ക് കത്തിക്കുന്നതില്‍ കരാറുകാര്‍ അടിക്കടി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് മുന്‍പുണ്ടായിരുന്നതുപോലെ തെരുവ് വിളക്ക് പരിപാലനം നഗരസഭ നേരിട്ട് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുന്നത്.
തെരുവ് വിളക്ക് പരിപാലനം ഏറ്റെടുക്കുകയാണെങ്കില്‍ പരസ്യവരുമാനത്തിനായി പ്രത്യേകം ടെന്‍ഡര്‍ ക്ഷണിക്കും. കേടായ ട്യൂബ് ലൈറ്റുകള്‍ക്ക് പകരമായി 1000 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായി ലൈറ്റുകള്‍ എല്‍ഇഡിയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തെരുവ് വിളക്ക് കത്തിക്കലിന്റെ ചുമതല കെഎസ്ഇബിയില്‍ നിക്ഷിപ്തമായിരുന്നു. വീഴ്ചയും പരാതിയും ഉണ്ടായതിനെ തുടര്‍ന്നാണ് ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ അഡ്മീഡിയ എന്ന കരാര്‍ സ്ഥാപനം പരസ്യ വരുമാനവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 12 ലക്ഷം രൂപ കോര്‍പറേഷനില്‍ അടയ്‌ക്കേണ്ടതുണ്ട്. കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇത് റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് നിലവില്‍ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ മറ്റ് നടപടികളിലേക്ക് കടക്കാനും കഴിഞ്ഞില്ല. കരാര്‍ റദ്ദ് ചെയ്യാനായി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നതിനാല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ നീക്കേണ്ടതുണ്ടെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത പ്ലാന്റുകള്‍ നഗരത്തില്‍ സ്ഥാപിക്കുമെന്നും ഇത് വിജയകരമാവുകയാണെങ്കില്‍ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരുവ് വിളക്ക് പരിപാലനത്തില്‍ കോര്‍പറേഷന്‍ പരാജയപ്പെട്ടതായി ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എ കെ ഹഫീസിന്റെ നേതൃത്വത്തിലായിരുന്നു ബഹിഷ്‌കരണം.
Next Story

RELATED STORIES

Share it