thrissur local

തെരുവ് നായശല്യം തടയാന്‍ പുതിയ പദ്ധതി: 70ഓളം പേര്‍ നായക്കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്താനെത്തി

തൃശൂര്‍: ജില്ലയിലെ തെരുവുനായ് ശല്യം തടയാന്‍ പുതിയ പദ്ധതി. നാടന്‍ നായക്കുട്ടികളെ ഏറ്റെടുത്തു വളര്‍ത്താന്‍ സന്നദ്ധരായി എത്തിയ എഴുപതോളം പേര്‍ക്കു സൗജന്യമായി നായക്കുട്ടികളെ സമ്മാനിച്ചു.
മൃഗക്ഷേമ സംഘടനയായ പീപ്പിള്‍ പോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസസ്(പോസ്) കൊളങ്ങാട്ടുകരയിലെ സംരക്ഷണ കേന്ദ്രത്തില്‍ വളര്‍ത്തുന്ന നായക്കുട്ടികളെയാണ് സൗജന്യമായി വിതരണം ചെയ്തത്.
നായ്ക്കളുടെ പുനരധിവാസ കേന്ദ്രത്തിലെ 85 നായ്ക്കുട്ടികളില്‍ 15 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. പൂങ്കുന്നം ഹരിശ്രീ സ്‌കൂളിനരികിലെ പ്ലേ ഹൗസിലാണ് നായ്ക്കുട്ടികളുടെ സൗജന്യ വിതരണം നടത്തിയത്. രണ്ടു മാസം കൂടുമ്പോള്‍ ഇത്തരത്തിലുള്ള സൗജന്യ നായ്ക്കുട്ടി വിതരണ പരിപാടി സംഘടിപ്പിക്കാനാണു പരിപാടിയെന്നു പോസ് ഭാരവാഹിയായ കണ്ണന്‍ അഞ്ചേരി പറഞ്ഞു.
തെരുവു നായശല്യം കുറയ്ക്കാന്‍ നായ്ക്കളെ കുത്തിവെയ്പ്പുകള്‍ക്കു വിധേയമാക്കി ആവശ്യക്കാര്‍ക്കു സൗജന്യമായി വിതറണം ചെയ്യുന്ന പദ്ധതി തൃശൂര്‍ കോര്‍പ്പറേഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. തെരുവു നായക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം നായ്ക്കളെ പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടുന്ന പരീക്ഷണം രണ്ടു വര്‍ഷം മുമ്പ് തൃശൂരില്‍ പരാജയപ്പെട്ടിരുന്നു.
പദ്ധതി നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയെങ്കിലും നടത്തിപ്പിനുള്ള പണം പാസാക്കി നല്‍കാന്‍ കോര്‍പ്പരേഷനു കഴിഞ്ഞില്ല. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിബന്ധനകല്‍ പാലിച്ചു കൊണ്ടുള്ള വന്ധ്യംകരണ പദ്ധതിയില്‍ ഓരോ നായയ്ക്കും 1200 രൂപ നല്‍കേണ്ടതാണ്.
ഒരാഴ്ച്ചക്കകം 120 നായക്കളെ ഇങ്ങനെ വന്ധ്യംകരിച്ചെങ്കിലും പണം ലഭിക്കാതായപ്പോള്‍ പോസ് പിന്മാറുകയായിരുന്നു. വന്ധ്യംകരണ പദ്ധതിക്കു പകരം നായ്ക്കളെ പിടിച്ച് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തി വീട്ടില്‍ വളര്‍ത്താവുന്ന നല്ല നാടന്‍ നായയാക്കി മാറ്റിയ ശേഷം ആവശ്യക്കാര്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് കോര്‍പ്പരേഷന്റെ അനുമതി കാത്തിരിക്കുന്നത്.
നായക്കളെ പിടിക്കാനും വിതരണത്തിനു സജ്ജമാവുന്നതു വരെ സംരക്ഷിക്കാനുള്ള ചെലവ് കോര്‍പ്പറേഷന്‍ വഹിക്കണം. വന്ധ്യംകരണ പദ്ധതി നടത്തിപ്പിനുള്ള തുകയുടെ പകുതിയായ 600 രൂപ നിരക്ക് അനുവദിക്കണമെന്നാണ് പോസിന്റെ ആവശ്യം. കൂടാതെ നായക്കളെ സംരക്ഷിക്കാന്‍ സ്ഥലവും വേണമെന്നു പദ്ധതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it