Kollam Local

തെരുവോരങ്ങളില്‍ താല്‍ക്കാലിക ദാഹശമനികള്‍ പെരുകി

കൊല്ലം: വേനല്‍ കടത്തു തുടങ്ങിയതോടെ തെരുവോരങ്ങളില്‍ താല്‍ക്കാലിക ദാഹശമനികള്‍ പെരുകുന്നു. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദാഹശമനികള്‍ ക്ഷീണം അകറ്റുന്നുണ്ടെങ്കിലും ആരോഗ്യ സുരക്ഷാ പരിശോധനകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം താല്‍ക്കാലിക ദാഹശമനി കടകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ശുദ്ധജലം ഉപയോഗിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം മുതലായ രോഗങ്ങള്‍ ഇതിലൂടെ പിടിപെടാന്‍ സാധ്യത കൂടുതലാണ്.
എംസി റോഡിന്റെ ഇരു വശങ്ങളിലും ദേശീയപാതയുടെ ഇരു വശങ്ങളിലും നൂറുകണക്കിന് താല്‍ക്കാലിക ദാഹശമനികളാണ് ദിനംപ്രതി മുളച്ച് പൊങ്ങുന്നത്.  വെയിലിനെ പ്രതിരോധിക്കാന്‍ കുടകള്‍ സ്ഥാപിച്ചാണ് ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നത്.  തണ്ണിമത്തന്‍ ജ്യൂസ്, മോരും വെള്ളം, നാരങ്ങാ വെള്ളം, കരിമ്പിന്‍ ജ്യൂസ്, കുലുക്കി സര്‍ബത്ത്, കുത്തി സര്‍ബത്ത് എന്നിവയാണ് ഇത്തരം കേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കുള്ളത്.  പെരുവെയിലത്ത് വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം ദാഹശമനികള്‍  ആശ്വാസം പകരുന്നുണ്ട്.അതേസമയം, പല താല്‍ക്കാലിക ദാഹശമനി കടകളും പാനീയങ്ങള്‍ ചേര്‍ക്കാന്‍ ഐസ് പ്ലാന്റുകളില്‍ നിന്നുള്ള ഐസ് കട്ടകളെയാണ് ആശ്രയിച്ചുവരുന്നത്.  ഈ ഐസ് നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലാവരത്തെക്കുറിച്ച് ആരോഗ്യ സുരക്ഷാ വിഭാഗത്തിന് യാതൊരു അറിവും ഇല്ല. പല കടകളിലും രുചിക്കും നിറത്തിനുമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് വിവരം.  ഭക്ഷ്യ സുരക്ഷാ വകുപ്പിനും ആരോഗ്യ സുരക്ഷാ വകുപ്പിനുമെല്ലാം സഞ്ചരിക്കുന്ന യൂനിറ്റ് ലാബുകളുണ്ട്. പാതയോരങ്ങളിലെ താല്‍കാലിക ദാഹശമനി കടകള്‍ പരിശോധിക്കാന്‍ ഇത്തരം യൂനിറ്റുകളുടെ സേവനം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it