kozhikode local

തെരുവു വിളക്കില്ല : കൈനാട്ടി റെയില്‍വേ മേല്‍പ്പാലത്തില്‍ അപകട സാധ്യത



വടകര: തെരുവു വിളക്കില്ലാത്ത കൈനാട്ടി റെയില്‍വേ മേല്‍പാലത്തില്‍ അപകട സാധ്യതയും സാമൂഹിക വിരുദ്ധ ശല്യവും കൂടുന്നതായി പരാതി. തിരക്കേറിയ മേല്‍പാലത്തിന്റെ മുകളില്‍ കൂരിരുട്ടാകുമ്പോള്‍ കടന്നു പോകുന്ന വാഹനങ്ങള്‍ക്കും നടന്നു പോകുന്നവര്‍ക്കും പ്രശ്‌നങ്ങളേറെയാണ്. പിടിച്ചു പറിയ്ക്കലോ അക്രമമോ ഉണ്ടാകുമെന്നു ഭയന്ന് പാലത്തിന്റെ മുകളിലൂടെ ആരും രാത്രി നടന്നു പോകുന്നില്ല. ഇവര്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതു കൊണ്ടുള്ള അപകട സാധ്യതയാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. പാലത്തിന്റെ സമാന്തര റോഡ് മുതല്‍ മേല്‍പാലത്തില്‍ വരെ ഇരുട്ടായതു കൊണ്ട് മദ്യപാനികളുടെ ശല്യവും കൂടുതലായിരുന്നു. ജാഗ്രതാ ട്രസ്റ്റ് ഇതിനെതിരെ ബോര്‍ഡ് സ്ഥാപിച്ച് രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് പൊലീസും എക്‌സൈസും പട്രോളിങ് നടത്തുന്നതു കൊണ്ട് ഇത്തരം ശല്യം ഒഴിവായിട്ടുണ്ട്. മേല്‍പാലത്തിന്റെ മുകളില്‍ വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങളില്ലാത്ത സമയത്ത് എന്തു നടന്നാലും ആരുമറിയില്ല. ഈ ഭീതി കൊണ്ടാണ് പലരും മേല്‍പാലത്തിലൂടെ നടന്നു പോകാത്തത്. മേല്‍പാലത്തില്‍ വെളിച്ചം പകരാന്‍ സ്വകാര്യ കമ്പനി സൗജന്യമായി വിളക്ക് സ്ഥാപിക്കാന്‍ തയാറായിട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ അനുമതി കിട്ടാത്തതു കൊണ്ട് നടപടി മരവിച്ചിരിക്കുകയാണ്. വിളക്ക് സ്ഥാപിച്ച് ഒരു വര്‍ഷം പരിപാലിക്കുന്ന കമ്പനി അവരുടെ പരസ്യം വിളക്കുകാലില്‍ വയ്ക്കുമെന്നാണ് ധാരണ. വൈദ്യുതി ചാര്‍ജും തുടര്‍ന്നുള്ള സംരക്ഷണവും പഞ്ചായത്ത് നടത്തിയാല്‍ മേല്‍പാലത്തിലെ ഇരുട്ടിന് പരിഹാരമാകും. മേല്‍പാലത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ വിളക്ക് സ്ഥാപിക്കണമെന്ന് ജാഗ്രതാ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീജിത്ത് പടിക്കല്‍ ആവശ്യപ്പെട്ടു. ഇരുട്ടിന്റെ മറവില്‍ മേല്‍പാലത്തില്‍ നടക്കുന്ന സാമൂഹിക വിരുദ്ധ ശല്യവും റെയില്‍ മുറിച്ചു നടന്നു പോകുന്നവര്‍ക്കുണ്ടാകുന്ന അപകട ഭീഷണിയും ഒഴിവാക്കാന്‍ ഉടന്‍ വിളക്ക് സ്ഥാപിക്കേണ്ടതുണ്ടെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it