തെരുവു കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി



കെ  പി  ഒ  റഹ്മത്തുല്ല

നോട്ടു നിരോധനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തെരുവു കച്ചവടക്കാര്‍ തീര്‍ത്തും പാപ്പരാവുകയായിരുന്നു. മലബാറിലെ ഏതാെണ്ടല്ലാ വഴിയോര കച്ചവടക്കാരും ഏര്‍പ്പാട് അവസാനിപ്പിച്ചു. രണ്ടായിരത്തിന്റെ പുതിയ നോട്ടുമായി സാധനം വാങ്ങാനെത്തുന്നവര്‍ക്ക് ചില്ലറ മാറിക്കൊടുക്കാന്‍ ഇല്ലാത്ത അവസ്ഥ. എന്നു മാത്രമല്ല, കച്ചവടം തന്നെ നേര്‍പകുതിയായി കുറയുകയും ചെയ്തു. കൂനിന്‍മേല്‍ കുരുവെന്നപോലെ ചില്ലറപ്രശ്‌നവും. ഒരു മാസത്തോളം കച്ചവടം ഇല്ലാതായെന്നാണ് ഇവരുടെ സംരക്ഷണത്തിനുള്ള സംഘടനാ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നത്. കൈനീട്ടം പോലും ഇല്ലാത്ത ദിനങ്ങളുണ്ടായതായി കോട്ടക്കലിലെ തെരുവു വസ്ത്ര കച്ചവടക്കാരന്‍ മൊയ്തീന്‍കുട്ടി പറയുന്നു. അഞ്ഞൂറിന്റെ കറന്‍സികള്‍ ഇറങ്ങിയതാണ് അല്‍പമെങ്കിലും ആശ്വാസമായത്. എന്നാല്‍, നോട്ടു നിരോധനത്തിനു ശേഷം പഴയ രൂപത്തി ല്‍ കച്ചവടം ഇതുവരെയുണ്ടായിട്ടില്ലെന്ന് ചെമ്മാട്ടെ ചെരുപ്പു വ്യാപാരിയായ കുഞ്ഞിമൊയ്തീന്‍കുട്ടി പറയുന്നു. സാമ്പത്തിക മാന്ദ്യം വ്യാപാര മാന്ദ്യം സൃഷ്ടിച്ചിരുന്നു. മുമ്പ് ഒരാഴ്ച കൊണ്ട് തെരുവില്‍ വിറ്റുപോയിരുന്ന സാധനങ്ങള്‍ ഒരു മാസം കൊണ്ടാണ് മാന്ദ്യകാലത്ത് വിറ്റഴിച്ചിരുന്നത്. നോട്ടു നിരോധനം വന്നതോടെ ഈ കാലാവധി മൂന്നു മാസം വരെയായി. വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ വില്‍ക്കാന്‍ തന്നെ നോട്ടു നിരോധനം മൂലം ആറു മാസത്തോളം വൈകുകയായിരുന്നു. പ്രധാനമായും തെരുവുകളില്‍ വിറ്റഴിഞ്ഞിരുന്നത് വസ്ത്രങ്ങളും ചെരുപ്പുകളും പച്ചക്കറിയും പഴങ്ങളും മല്‍സ്യവുമെല്ലാമാണ്. ഇവയില്‍ വസ്ത്രത്തിനും ചെരുപ്പുകള്‍ക്കുമായിരുന്നു എല്ലാ കാലത്തും വലിയ ഡിമാന്റ്. തെരുവു കച്ചവടം വഴി സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്നാണ് സംഘടനാ സെക്രട്ടറിയായ ബിന്നി ഇമ്മട്ടി പറയുന്നത്. തൃശൂര്‍ ജില്ലയിലാണ് തെരുവു കച്ചവടക്കാരില്‍ ഏറെയും. ചട്ടിയും പാത്രങ്ങളും വില്‍ക്കുന്നവര്‍ക്കും നോട്ടു നിരോധനത്തോടെ കഷ്ടകാലം തുടങ്ങിയിരിക്കുകയാണ്. കച്ചവടം കുറഞ്ഞതിനാല്‍ അരലക്ഷം പേരെങ്കിലും തെരുവുകളില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ടെന്നാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന ഏകദേശ കണക്ക്. ഓരോ നഗരത്തിലും ആയിരക്കണക്കിനു തെരുവു കച്ചവടക്കാരാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ച് ആളുകളെ തെരുവില്‍ നിര്‍ത്തി കച്ചവടം നടത്തുന്ന പതിവും അടുത്ത കാലത്തായി തുടങ്ങിയിട്ടുണ്ട്. നോട്ടു നിരോധനം വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് തടസ്സം നേരിട്ടിരുന്നതായും വഴിവാണിഭ കച്ചവടക്കാര്‍ പറയുന്നു. വള, മാല എന്നിവയെല്ലാം വിറ്റിരുന്നവരാണ് പിന്‍വാങ്ങിയവരില്‍ ഏറെയും. നോട്ടു നിരോധനത്തിനു പുറമേ ജിഎസ്ടി കൂടി വന്നതോടെ വഴിവാണിഭ കച്ചവടക്കാര്‍ സാധനങ്ങള്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഓരോ സാധനത്തിനും 30 മുതല്‍ 60 രൂപ വരെ കൂടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. സാധാരണക്കാര്‍ വിലക്കുറവു കാരണമാണ് തെരുവു കച്ചവടങ്ങളെ ആശ്രയിക്കുന്നത്. വാങ്ങുന്നിടത്ത് ജിഎസ്ടി കൊടുക്കേണ്ടിവരുന്നതിനാല്‍ വില്‍ക്കുന്നിടത്തും വില കൂട്ടേണ്ടിവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it