kozhikode local

തെരുവുവിളക്ക് അണച്ചെന്ന്; ബിജെപി ഹൈവേ ഉപരോധിച്ചു

വടകര:  ത്രിപുര തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപി ആഹ്ലാദം പ്രകടനം നടത്തുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തെരുവുവിളക്കുകള്‍ അണച്ചെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു. ഇന്നലെ രാത്രി 7.20ഓടെ ആരംഭിച്ച ഹൈവേ ഉപരോധം മണിക്കൂറോളം നീണ്ടു. വൈകുന്നേരം 5 മണിയോടെയാണ് ആഹ്ലാദ പ്രകടനം ആരംഭിച്ചത്.
പല തവണ നഗരത്തെ വലം വച്ച പ്രകടനം രാത്രി ഏറെ വൈകിയും തുടരുകയായിരുന്നു. ഇതിനിടെയാണ് നഗരത്തിലെ പലയിടങ്ങളിലുള്ള തെരുവുവിളക്കുകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അണച്ചതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇതില്‍ അരിശംപൂണ്ട ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പുതിയ ബസ്സ്സ്റ്റാന്റിന് സമീപത്തെ ഹൈവേ ഉപരോധിച്ചത്. ഉപരോധത്തിനിടെ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ കൊടി തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഉപരോധം വൈകിയതോടെ ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്‌തെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. അവസാനം നേതാക്കളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 8.30ഓടെ പ്രവര്‍ത്തകര്‍ പുതിയ ബസ്സ്സ്റ്റാന്റിന് സമീപത്തേക്ക് നീങ്ങിയതോടെയാണ് വാഹന ഗതാഗതം പഴയപടിയായത്.
അതേസമയം ഉപരോധം നീണ്ടതോടെ എല്ലാ ഭാഗത്തേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ദൂരയിടങ്ങളിലേക്ക് പോകേണ്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ് കുരുക്കില്‍ പെട്ടത്.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇത് രണ്ടാം തവണയാണ് ബിജെപിയുടെ ആഹ്ലാദ പ്രകടനം നടക്കുമ്പോള്‍ തെരുവ് വിളക്ക് അണക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it