palakkad local

തെരുവുവിളക്കുകള്‍ കത്തുന്നില്ല ; നഗരത്തിലെ ബസ്സ്റ്റാന്റുകള്‍ അന്ധകാരത്തില്‍



പാലക്കാട്: നഗരത്തിലെ ബസ്റ്റാന്റുകള്‍ കാലങ്ങളായി സന്ധ്യമയങ്ങിയാല്‍ അന്ധകാരത്തിലാവുമ്പോഴും  തെരുവുവിളക്കുകളുടെ കാര്യത്തില്‍ നഗരസഭ കണ്ണടച്ചിരുട്ടാക്കുകയാണ്. നഗരത്തിലെ ഏറെ ത്തിരക്കുള്ള സ്റ്റേഡിയം സ്റ്റാന്റ്, മുനി.സ്റ്റാന്റ്, ടൗണ്‍സ്റ്റാന്റ് എന്നിവിടങ്ങളിലാണ് രാത്രികാലങ്ങളില്‍ യാത്രക്കാരും വ്യാപാരികളും  ഇരുട്ടില്‍ തപ്പുന്നത് .എന്നാല്‍ സ്ഥാപിച്ച സോഡിയം ലാംപുകള്‍ നന്നാക്കാനോ ഹൈമാസ്റ്റുവിളക്കുകള്‍ ആവശ്യമായ മുനി. സ്റ്റാന്റ്, ടൗണ്‍സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഇവ സ്ഥാപിക്കാനോ ഭരണകൂടം തയ്യാറല്ല. സംസ്ഥാനത്തെ തന്നെ വലുപ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമുള്ള സ്റ്റേഡിയം സ്റ്റാന്‍ഡിന്റെ മുന്‍വശത്ത് 15 ലധികം ട്രാക്കുകള്‍ക്ക്  മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു സോഡിയം ലാമ്പു പോലും വര്‍ഷങ്ങളായി കത്തിയിട്ടില്ല. ഇതുമൂലം സന്ധ്യമയങ്ങിയാല്‍ ഇവിടെ പൂര്‍ണമായും ഇരുട്ടിലാണ്. സ്റ്റാന്‍ഡിനു മുന്‍വശത്തെ സോഡിയം ലാമ്പുകള്‍ വല്ലപ്പോഴുമാണ് കത്തുന്നത്. പിറകുവശത്തെ 3 സോഡിയം ലാമ്പുകള്‍ കാലങ്ങളായി കത്താതിരുന്നത് ഇടക്കാലത്തെ പത്രവാര്‍ത്തയുടെ ഫലമായിട്ടാണ്. കത്താന്‍ തുടങ്ങിയത്.    വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള ആശ്രയം. ഇടനാഴികകളില്‍ മാലിന്യങ്ങളും മറ്റു കടകളില്‍ നിന്നും പുറന്തള്ളുന്ന സാമഗ്രികളുമൊക്കെ തള്ളുന്നതുമൂലം ഇരുട്ടാവുന്ന സമയത്ത്  യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണെന്നാണ് ഇവിടെ  വ്യാപാരം നടത്തുന്ന റാഫി പറയുന്നത്.   2 വര്‍ഷം മുമ്പ് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും  ഇതും സമാപിച്ച സ്ഥിതിയാണ്.  മദ്യപരുടെ ശല്യവും സന്ധ്യമയങ്ങിയാല്‍ ഇവിടം  പതിവാണ്. ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വ്വീസുകളടക്കം നൂറുകണക്കിന് ബസുകളും ആയിരകണക്കിനു യാത്രക്കാരും വന്നു പോവുന്ന സ്റ്റാന്‍ഡിന്റെ സ്ഥിതി ശോചനീയമാണ്. ഇടക്കാലത്ത് സ്റ്റാന്റിലെ തെരുവുവിളക്കുകള്‍ നന്നാക്കാമെന്ന നഗരസഭയുടെ വാഗ്ദാനം കാറ്റില്‍ പറന്നു. മുനി.സ്റ്റാന്റിലെ സ്ഥിതിയും ശോചനീയമാണ്. വല്ലപ്പോഴും മിന്നിത്തെളിയുന്ന സോഡിയം ലാംപു കാരണം രാത്രിയില്‍ യാത്രക്കാര്‍ക്ക് ടോര്‍ച്ച് കൊണ്ടുനടക്കേണ്ട ഗതികേടാണ്. കാലപ്പഴക്കത്തില്‍ ബസ്റ്റാന്റ് കെട്ടിടം ജീര്‍ണിച്ച് പുതുക്കി പണിയേണ്ട കാലം കഴിഞ്ഞെങ്കിലും സ്റ്റാന്റിനകത്തെ  സോഡിയം ലാംപുകള്‍ കത്തിക്കാന്‍ ഭരണകൂടം തയ്യാറല്ല. കഴിഞ്ഞ ഭരണ സമിതി സ്റ്റാന്റില്‍ മിനി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാമെന്ന് പറഞ്ഞത് പാഴ് വാക്കായി. രാപകലന്യേ അഭിസാരികളായ സ്ത്രീകള്‍ അഴിഞ്ഞാടുന്ന ഇവിടം സന്ധ്യമയങ്ങിയാല്‍ കഞ്ചാവു വില്‍പ്പനയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറുകയാണ്. പകല്‍സമയം പരസ്യമായ മൂത്രപ്പുരയാക്കിയ  ഇവിടം രാത്രിയായാല്‍ എന്തും ചെയ്യാമെന്ന സ്ഥിതിയിലാണ് നാടോടികളും ഭിക്ഷാടക സംഘങ്ങളും. ബസ്സുകളുടെ ഹെഡ്‌ലാപംില്‍  നിന്നുള്ള അരണ്ട വെളിച്ചമാണ് ഇവിടെയാത്രക്കാര്‍ക്ക് ആശ്രയം. ഇരുട്ടിന്റെ മറവില്‍ പിടിച്ചുപറിയും പോക്കറ്റടിയുമൊക്കെ നടത്തിയാലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളേറെയാണ്. അപകടങ്ങള്‍ക്ക്  കുപ്രസിദ്ധമായാര്‍ജ്ജിച്ച ടൗണ്‍സ്റ്റാന്റിന്റെ സ്ഥിതിയും ശോചനീയമാണ് .സന്ധ്യയായാല്‍. ആകെയുള്ള ഒരു സോഡിയം  ലാംപ് ഇടക്കാലത്തു മിഴിയടച്ചതോടെ ഇവിടം അന്ധകാരത്തിന്റെ പിടിയിലാണ്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും ബസുകളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചവുമാണ്. യാത്രക്കാര്‍ക്ക് ആശ്രയം. ലക്ഷങ്ങള്‍ അഡ്വാന്‍സും ഭീമമായ വാടകയും കൈപ്പറ്റുന്ന ഭരണകൂടം നഗരത്തിലെ ബസ് സ്റ്റാന്റുകളുടെ അന്ധകാരത്തിലായിട്ടും യാത്രക്കാരുടെ സുരക്ഷിതത്വവും വ്യാപാരികളുടെ ുരക്ഷിതത്വത്തിനും നേരെ ഭരണകൂടം മുഖം തിരിക്കുകയാണ്.
Next Story

RELATED STORIES

Share it