തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് ഇനി വനിതകളും

കാഞ്ഞങ്ങാട്: വൈദ്യുതി എന്നു കേട്ടാല്‍ തന്നെ ഷോക്കടിക്കുന്ന വീട്ടമ്മമാരും പെണ്‍കുട്ടികളും പഴങ്കഥയാവുന്നു. ഫ്യൂസ് കെട്ടാനും പോസ്റ്റില്‍ കയറി ലൈന്‍ നന്നാക്കാനും കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് കാസര്‍കോട്ടെ വനിതകള്‍.
ഫിസിക്‌സ് ബിരുദധാരിയായ പടന്ന സ്വദേശിനി അപര്‍ണ ബിജു(28)വിന് കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമപ്പുറമൊരു ലോകം ജീവിതത്തിലുണ്ടായിരുന്നില്ല. എന്നാല്‍, കുടുംബശ്രീയുടെ ഗ്രാമകിരണം പദ്ധതിയുടെ പതിനഞ്ചുദിന ക്യാംപ് അപര്‍ണയുടെ ജീവിതത്തില്‍ പുതിയ ദിശാബോധവും ആത്മവിശ്വാസവും സമ്മാനിച്ചു. ഒരു ബള്‍ബ് മാറ്റാന്‍ പോലും ധൈര്യപ്പെടാതിരുന്ന ഈ വീട്ടമ്മ ഇന്ന് വൈദ്യുത തൂണുകളില്‍ കയറി തെരുവുവിളക്കുകള്‍ നന്നാക്കുകയും എല്‍ഇഡി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും എമര്‍ജന്‍സി ലാംപുകളും ഫാന്‍സി ലൈറ്റുകളും സ്വന്തമായി ഉണ്ടാക്കുകയും ചെയ്യും.
ഇത് അപര്‍ണയുടേതു മാത്രമല്ല, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 18 സ്ത്രീകളുടെ കൂടി കഥയാണ്.  ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചെറുവത്തൂരിലും ഉപ്പളയിലുമായി സിഡിഎസുകള്‍ വഴി തിരഞ്ഞെടുക്കപ്പെട്ട 23 പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്. ഇതില്‍ 18 സ്ത്രീകളും അഞ്ചു പുരുഷന്മാരുമാണുള്ളത്. ഇംപ്രിന്റ്് ഏജന്‍സിയുടെയും ആദര്‍ശ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. വ്യക്തിത്വ വികസനം, ബിസിനസ് മാനേജ്‌മെന്റ്, അക്കൗണ്ടിങ് എന്നിവയിലും പരിശീലനം നല്‍കിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ തെരുവുവിളക്കുകള്‍ കേടുവന്നാല്‍ നന്നാക്കാതെ ഉപേക്ഷിക്കുകയാണു പതിവ്. ഇതു നന്നാക്കുന്നതിനായി ഈ സ്ത്രീകളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പറഞ്ഞു. ഒരു തെരുവു വിളക്ക് നന്നാക്കാന്‍ പഞ്ചായത്ത് 100 രൂപ  നല്‍കും. ഇതവര്‍ക്ക് ഒരു വരുമാനമാര്‍ഗമാവും. നീലേശ്വരം നഗരസഭയുമായും പിലിക്കോട്, ചെറുവത്തൂര്‍ പഞ്ചായത്തുകളുമായും ഈ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. പിലിക്കോട് പഞ്ചായത്തിലെ 2500 ഓളം തെരുവുവിളക്കുകളുടെ റിപ്പയറിങിനായി ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിനായി ഒരു പരിശീലനം  കൂടി നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ 12 എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട്. ഒരു ചെറുകിട യൂനിറ്റ് ആരംഭിച്ച് കെഎസ്ഇബിക്ക് ആവശ്യമുള്ള എല്‍ഇഡി ലൈറ്റുകള്‍ നിര്‍മിച്ചുനല്‍കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it