Kottayam Local

തെരുവുനായ വന്ധ്യംകരണ പദ്ധതി വീണ്ടും ജില്ലയില്‍ ഊര്‍ജിതം

കുമരകം: തെരുവുനായ്ക്കളുടെ പ്രത്യുല്‍പ്പാദനം നിയന്ത്രിക്കാന്‍ ജില്ലയില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വന്ധ്യംകരണ പദ്ധതി ഊര്‍ജിതമായി നടപ്പാക്കുന്നു. ജില്ലയില്‍ 2000ത്തില്‍ അധികം തെരുവ് നായ്ക്കളെ ഇതിനോടകം വന്ധ്യംകരണം നടത്തി. ഇന്നലെ കുമരകം തെക്കുംഭാഗത്ത് പാണ്ടന്‍ ബസാര്‍ ഭാഗങ്ങളില്‍ നിന്നു 16 തെരുവു നായ്ക്കളെ വന്ധ്യംകരണത്തിനായി പിടികൂടി. കുമരകം പഞ്ചായത്തില്‍ നിന്ന് 77 നായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള പണം അടച്ചു. ഒരു തെരുവു നായയെ പിടികൂടി ഓപറേഷന്‍ തിയേറ്ററുള്ള മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം രണ്ടു ദിവസം പരിപാലിച്ച് പിടിച്ച സ്ഥലത്തു തിരികെ കൊണ്ടുവിടന്നതിന് 2,100 രൂപയാണു പഞ്ചായത്ത് അടയ്‌ക്കേണ്ടത്. കടനാട്, കാഞ്ഞിരപ്പള്ളി, വാഴൂര്‍, പരിയാരം എന്നീ നാലു സെന്ററുകളിലാണ് വന്ധ്യംകരണത്തിനുള്ള സൗകര്യമുള്ളത്. ജില്ലയില്‍ തെരുവു നായ്ക്കളുടെ ശല്യം അസഹ്യമായപ്പോള്‍ ഗുഡ്‌മോണിങ് കേരളം എന്ന പേരില്‍ മുന്‍ കലക്ടര്‍ യു വി ജോസിന്റെ താല്‍പ്പര്യ പ്രകാരം പദ്ധതിക്കു തുടക്കം കുറിച്ചെങ്കിലും പൂര്‍ണതോതില്‍ നടപ്പാക്കാനായില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എബിസി (ആനിമല്‍ ഹെല്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) എന്ന പേരില്‍ ആരംഭിച്ച പദ്ധതിയാണ് ജില്ലയില്‍ നടന്നു വരുന്നത്. കുടുംബശ്രീ ജില്ലാ മിഷനു മുന്‍കൂറായി പണം പഞ്ചായത്തുകള്‍ അടയ്ക്കുന്ന ക്രമമനുസരിച്ചാണ് വന്ധ്യംകരണം നടത്തുന്നത്. വിദഗ്ധ പരിശീലനം നേടിയ വെറ്റിനറി ഡോക്ടര്‍മാരാണ് വന്ധീകരണ ശസ്ത്രക്രിയ നടത്തുന്നത്.
Next Story

RELATED STORIES

Share it