kannur local

തെരുവുനായ, പൂച്ച, കീരി ആക്രമണം: 16 പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെയും വളത്തുപൂച്ചയുടെയും കീരിയുടെയും ആക്രണം. 16 പേര്‍ ആശുപത്രിയില്‍. ചെമ്പിലോട് കോമത്തുകുന്നുമ്മലില്‍ ആറുപേര്‍ക്കും ചക്കരക്കല്‍ വണ്ടിയാലയില്‍ ആറുപേര്‍ക്കുമാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ആദ്യസംഭവം. കോമത്തുകുന്നുമ്മല്‍ നടുക്കോത്ത് സവിതയെ വീട്ടുപരിസരത്തുനിന്ന് നായ ആക്രമിച്ചു.
രാത്രി തന്നെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. വൈകീട്ട് പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികില്‍സ തേടിയിരുന്നു. ഇന്നലെ രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവെ സവിതയുടെ മാതാവ് ജാനകിയെയും ഇതേ നായ ആക്രമിച്ചു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്തിനും തിരികെ പോകവെ കടിയേറ്റു. ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റതറിഞ്ഞ് അയല്‍വാസി കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു.
തുടര്‍ന്ന് മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്‌റസയിലേക്ക് പോകുംവഴി ശരീഫയെയും നായ ആക്രമിച്ചു. പാല്‍ വാങ്ങാന്‍ സൊസൈറ്റിയിലേക്ക് പോകവെയാണ് കണ്ണമ്പേത്ത് വസന്തന് കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
ചക്കരക്കല്‍ വണ്ടിയാലയില്‍ ശ്യാമള, നളിനി, എം കെ സജീവന്‍, പുള്ളിക്കാരന്‍ ചന്ദ്രന്‍, പി റിജേഷ്, ബിന്ദു എന്നിവര്‍ക്കാണ് ഇന്നലെ തെരുവുനായയുടെ കടിയേറ്റത്. ഇവരില്‍ മൂന്നുപേരെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി.  കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂര്‍ കുന്നത്തുതാഴെ ദേവിയെ കഴിഞ്ഞ ദിവസം രാത്രി വളര്‍ത്തുപൂച്ച കടിച്ചു. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങള്‍ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കൈയില്‍ കടിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴോം കണ്ണോത്ത് പടിഞ്ഞാറെ വീട്ടില്‍ കല്യാണി(80), കിഴക്കേ വീട്ടില്‍ ജനാര്‍ദനന്‍ (70), എ കെ നാരായണന്‍ (87) എന്നിവരെയാണ് കീരി കടിച്ചത്. മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it