kannur local

തെരുവുനായ ആക്രമിച്ച കുഞ്ഞിന് സഹായം നല്‍കാന്‍ ഉത്തരവ്

കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് സഹായം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. അഴീക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ തെരുവുനായ ആക്രമിച്ച സംഭവം പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ. കെ മോഹന്‍കുമാറിന്റെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ കമ്മീഷനെ അറിയിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജരോട് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് കാണിച്ച് കൊട്ടില ഗവ.— എച്ച്എസ്എസിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിയുടെ പിതാവ് എന്‍ സി ജയദേവ് നല്‍കിയ പരാതിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
2015 മാര്‍ച്ചില്‍ നടന്ന ഇംഗ്ലീഷ് പരീക്ഷയില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ 10 മാര്‍ക്കിന്റെ വ്യത്യാസമാണ് ഉണ്ടായത്. എടക്കാട് പഞ്ചായത്തിലെ ഭക്ഷ്യോല്‍പന്ന നിര്‍മാണ സ്ഥാപനം മാലിന്യപ്രശ്‌നം ഉണ്ടാക്കുന്നതായി സമീപവാസികള്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സിറ്റിങില്‍ ആകെ 85 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 16 എണ്ണം തീര്‍പ്പാക്കി.—
Next Story

RELATED STORIES

Share it