Districts

തെരുവുനായ്ക്കളെ നിയമാനുസൃതം പിടികൂടാം: ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങള്‍ക്കു ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടാമെന്നും പേവിഷബാധയുള്ളവയെ കൊല്ലാമെന്നും ഹൈക്കോടതി. തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ്ജസ്റ്റിസ് അശോക്ഭൂഷണും ജസ്റ്റിസ് എം എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതിന് കേന്ദ്ര നിയമപ്രകാരമുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്.
നായ്ക്കളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണത്തിനായുള്ള ചട്ടങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡോഗ് കണ്‍ട്രോള്‍ സെല്ലുകള്‍ സ്ഥാപിക്കുകയും പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പു നല്‍കുകയും വേണം. പരാതിയുയര്‍ന്നാല്‍ പേവിഷബാധയേറ്റവയെ നശിപ്പിക്കുകയും ഉപദ്രവകാരികളായവയെ പിടികൂടി വന്ധ്യംകരണം ചെയ്ത് തുറന്നുവിടുകയും ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നായ്ക്കളെ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തിരേഖപ്പെടുത്തിയ കോടതി കൂടുതല്‍ നടപടി ആവശ്യമെങ്കില്‍ അടിയന്തരമായി നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്നാണ് നടപടിസ്വീകരിക്കേണ്ടത്. കേന്ദ്ര നിയമപ്രകാരം അവലോകന കമ്മിറ്റി രൂപീകരിച്ച് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ വേണം നായ്ക്കളെ പിടികൂടാനെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ആളുകളെ ഉപദ്രവിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള ഒമ്പത് ഹരജികളും നായ്ക്കളെ കൊല്ലുന്നത് ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി മൃഗസ്‌നേഹികളുടെ സംഘടനകള്‍ നല്‍കിയ മൂന്നു ഹരജികളുമാണ് കോടതി പരിഗണിച്ചത്.
Next Story

RELATED STORIES

Share it