thrissur local

തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം



അന്തിക്കാട്: തെരുവു നായ്ക്കള്‍ നിരത്തുകളെ അടക്കി വാഴുമ്പോഴും  ശാശ്വതപരിഹാരം സാധ്യമായില്ലെന്ന ആക്ഷേപം ശക്തമാകുന്നു. അന്തിക്കാട് മേഖലയില്‍ വന്ധ്യംകരണം നടത്തിയ നായ്ക്കളെ കൂട്ടത്തോടെ ഉപേക്ഷിക്കുന്നത് പ്രതിസന്ധിയായി മാറുന്നു. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തില്‍പരം തെരുവ് നായ്ക്കള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയുടെ ശല്യം മൂലം ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. കുട്ടികളും മുതിര്‍ന്നവരും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം ചികിത്സക്ക് സര്‍ക്കാര്‍ പണം ചിലവാക്കുന്നതിലും നല്ലത് പരിഹാരമാര്‍ഗ്ഗത്തിന് പണം ചിലവാക്കുന്നതാണെന്നാണ് ജനങ്ങളുടെ പക്ഷം. എന്നാല്‍ വന്ധ്യംകരണം നടത്തിയ നായ്ക്കളെ തെരുവില്‍ തന്നെ ഉപേക്ഷിക്കുന്നതുമൂലം അന്തിക്കാട് പ്രദേശത്ത് നായ്ക്കളുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട അഞ്ച് പഞ്ചായത്തുകളിലെ നായ്ക്കളെ വന്ധ്യംകരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്തിക്കാട് മൃഗാശുപത്രിയില്‍ വന്ധ്യംകരണം നടത്തിവന്നിരുന്നത്. എന്നാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു നായ്ക്കളെ കൊണ്ട് വന്ന് വന്ധ്യംകരണം നടത്തി ഇവിടെ തെരുവില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടിക മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി ഇ രമേശന്‍ ആരോപിക്കുന്നു. ഇത് മൂലം അന്തിക്കാട് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം ഏറി വരുകയാണെന്നാണ് പരാതി..ജില്ലയില്‍ നിരവധി പേരാണ് വിവിധയിടങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്. മൃഗ സ്‌നേഹത്തിന്റെ പേര് പറഞ്ഞുള്ള സാങ്കേതികത്വം മൂലം ഇതില്‍ നിന്ന് തടി തപ്പുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നിലനില്‍ക്കെ ഇത് പ്രാവര്‍ത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നാണ് പൊതുവായ ആവശ്യം. തെരുവ് നായ്ക്കളുടെ ആക്രമണം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത് ആയിരകണക്കിന് പേരാണ്.
Next Story

RELATED STORIES

Share it