kannur local

തെരുവുനായ്ക്കളുടെയും കുറുക്കന്‍മാരുടെയും ശല്യം രൂക്ഷംകതിരൂരില്‍ 20 പേരെ ഭ്രാന്തന്‍ നായ ആക്രമിച്ചു

തലശ്ശേരി: കതിരൂര്‍ മേഖലയിലെ കുറ്റിച്ചാല്‍, കാരക്കുന്ന് പ്രദേശങ്ങളില്‍ ഭ്രാന്തന്‍ നായയുടെ വിളയാട്ടം. കടിയേറ്റ് ഇരുപതോളം പേരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കാരക്കുന്നിലെ കടത്തനാടന്‍ മാധവി (85)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എം രാഘവന്‍ ( 79) വി രാജന്‍ (55) പ്രവീണ (35) കെ പി നിര്‍മല (35), ഷാഹിന (34), ഹഫ്‌സത്ത് (60), മുഹമ്മദ് (68), പി കെ രാധ (58), അജിത (31), അതുല്യ (17) തുടങ്ങിയവരെയാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. കൈക്കും മുഖത്തും ഉള്‍പ്പെടെയാണ് കടിയേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. സംഭവത്തിനുശേഷം നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. എന്നാല്‍ ഒന്നി ല്‍ കൂടുതല്‍ നായ്ക്കള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയില്‍ പലയിടത്തും തെരുവുനായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യം രൂക്ഷമാണ്. ഇക്കഴിഞ്ഞ നവംബര്‍ 17ന് ഉരുവച്ചാല്‍ ശിവപുരത്ത് ഒമ്പതുപേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it