kasaragod local

തെരുവുനായയുടെ കടിയേറ്റ് അഞ്ച്  സ്ത്രീകള്‍ക്ക് പരിക്ക്

കളനാട്: തെരുവ് നായയുടെ കടിയേറ്റ് അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട് തൊട്ടിയിലെ ശാന്തകുമാരി(42), യശോദ(62), രുഗ്മിണി(60), ജാനകി(49), പുഷ്പകല(38) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 11ഓടെയാണ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്.
തെരുവ് നായ ശല്യം ജില്ലയില്‍ രൂക്ഷമായിട്ടുണ്ട്. പുലര്‍ച്ചെ മദ്‌റസകളിലേക്ക് പള്ളികളിലേക്കും പോകുന്ന കുട്ടികളേയും മുതിര്‍ന്നവരേയും കൂട്ടത്തോടെ എത്തുന്ന തെരുവ് നായ്ക്കള്‍ അക്രമിക്കുന്നത് പതിവായിട്ടുണ്ട്.
തെരുവ് നായ വന്ധ്യംകരണത്തിന് വിപുലമായ പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്‌ക്കരിച്ചിരുന്നുവെങ്കിലും ജില്ലയില്‍ ഇത് പ്രാവര്‍ത്തികമായില്ല. തെരുവ് നായകളെ വന്ധ്യംകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഫണ്ടും അനുവദിച്ചിരുന്നു.
എന്നാല്‍ ആവശ്യത്തിന് വെറ്റിനറി ഡോക്ടര്‍മാരില്ലെന്ന കാരണം പറഞ്ഞാണ് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ മുടങ്ങുന്നത്. അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡരികിലും ജനവാസ കേന്ദ്രങ്ങളിലും തള്ളുന്നതോടെ കൂട്ടത്തോടെ ഇവ തിന്നാനെത്തുന്ന തെരുവ് നായ്ക്കള്‍ പരിസരത്ത് തന്നെ കറങ്ങുകയാണ്.
നേരത്തെ തെരുവ് നായകളെ പിടികൂടാനുള്ള സംവിധാനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇതും ഉപേക്ഷിച്ചിരിക്കുകയാണ്. ജില്ലയുടെ മലയോര, തീരദേശ മേഖലകളിലാണ് തെരുവ് നായ ശല്യം രൂക്ഷമായിട്ടുള്ളത്.
Next Story

RELATED STORIES

Share it