തെരുവുനാടകങ്ങളുടെ ഉല്‍സവകാലം സമ്മാനിച്ച് തെരുവരങ്ങ്

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: തെരുവുനാടകങ്ങളുടെ ഉല്‍സവകാലത്തിന് വീണ്ടും തിരിതെളിച്ച് പി ജെ ആന്റണി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന നാടകോല്‍സവം തെരുവരങ്ങിന്റെ നാലാംപതിപ്പിന് ഏപ്രില്‍ 5ന് എറണാകുളം ജില്ലയിലെ നാലു വേദികളില്‍ തുടക്കമാവും.
കഴിഞ്ഞ മൂന്ന് പതിപ്പിന്റെ വന്‍വിജയത്തിന്റെ ചുവടുപിടിച്ച് 12 പുതിയ നാടകങ്ങളാണ് ആസ്വാദകരെ തേടിയെത്തുന്നത്. ഹിന്ദി, തമിഴ് ഭാഷകളിലെ രണ്ടു നാടകങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. എറണാകുളം പബ്ലിക് ലൈബ്രറിക്ക് പുറമേ നെല്ലാട് നേതാജി വായനശാല, പൂക്കാട്ടുപടി വള്ളത്തോള്‍ സ്മാരക കേന്ദ്രം, കുറുമശ്ശേരി റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളാണ് വേദികള്‍. ഓരോ നാടകവും നാലു വേദികളില്‍ മാറിമാറി അവതരിപ്പിക്കും. ആകെ 48 അവതരണമാണുണ്ടാവുക.
ഗുജറാത്തിലെ അലഹബാദ് ബുധന്‍ തിയേറ്ററിന്റെ ഗിര്‍ഗിത്ത്’ ആണ് ഒരു അന്യഭാഷ നാടകം. ആന്റണ്‍ ചെക്കോവിന്റെ ചെറുകഥയെ ആസ്പദമാക്കി രചിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് അതിഷ് ഇന്ദരേക്കറാണ്. പ്രളയന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന “പയനം’ ചെന്നൈയിലെ കലൈകുഴു സംഘമാണ് അവതരിപ്പിക്കുന്നത്. ഇവ രണ്ടുമാണ് അന്യഭാഷാ നാടകങ്ങളായി തെരുവ് അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇവയ്ക്കു പുറമേ തേവക്കല്‍ വിദ്യോദയ സ്‌കൂള്‍ തിേയറ്റര്‍ ഓണ്‍ വീല്‍സ്”അവതരിപ്പിക്കുന്ന “മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്’ (രചന, സംവിധാനം: ഷേര്‍ളി സോമസുന്ദരം), അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ “തരാതരം പോലെ(രചന: ഗോപി കുറ്റിക്കോല്‍, സംവിധാനം: രുഗ്മ പ്രവീണ്‍), കൊച്ചിയിലെ കപില “പാലം(രചന: ജയപ്രകാശ് കുളൂര്‍, സംവിധാനം: സുധീര്‍ പുതുവൈപ്പ്), തവനൂര്‍ ശ്രുതി അവതരിപ്പിക്കുന്ന “വിശുദ്ധ പശു’ (രചന, സംവിധാനം: പ്രമോദ് തവനൂര്‍), ആനക്കര രംഗസൂര്യ നാടകകേന്ദ്രം അവതരിപ്പിക്കുന്ന “അപ്പുവിന്റെ തേങ്ങലുകള്‍’ (രചന, സംവിധാനം: പി എ എം ഹനീഫ്) അരങ്ങിലെത്തും.  ഇടപ്പള്ളി നാടക പഠനകേന്ദ്രം അവതരിപ്പിക്കുന്ന “മണ്ണകം’ (രചന: എ ആര്‍ രതീശന്‍, സംവിധാനം: ഷാജി മനയത്ത്), ചാവക്കാട് ഞമനങ്ങാട് തിേയറ്റര്‍ വില്ലേജിന്റെ “ശിലാരൂപേര്‍ ദേശേ’ (രചന, സംവിധാനം: മഹിന്‍കര്‍ കേച്ചേരി), പയ്യന്നൂര്‍ വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സിന്റെ “കലാപകാലം’ (രചന: കെ വി ലക്ഷ്മണന്‍, സംവിധാനം: അനില്‍ നടക്കാവ്), എറണാകുളം ശ്രുതി പനങ്ങാടിന്റെ “മണ്‍കോലങ്ങള്‍’ (രചന, സംവിധാനം: മീനാരാജ്), ഒറ്റപ്പാലം സി എസ് എന്‍ നാടകവേദി അവതരിപ്പിക്കുന്ന “വഴുതന’ (രചന, സംവിധാനം: കെ വി ഗണേഷ്) എന്നിവയാണ് അവതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മറ്റു നാടകങ്ങള്‍.
വിവിധ നാടകസംഘങ്ങളില്‍ നിന്നു ലഭിച്ച തിരക്കഥകള്‍ വിശദമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കിയതില്‍ നിന്നാണ് അവതരണ യോഗ്യമായ നാടകങ്ങള്‍ തിരഞ്ഞെടുത്തത്. ഏപ്രില്‍ 5 മുതല്‍ 8 വരെ എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ മൂന്നു നാടകങ്ങള്‍ എന്ന നിലയില്‍ സമാന്തരമായാണ് ഓരോയിടത്തെയും അവതരണങ്ങള്‍. 12 നാടകങ്ങള്‍ നാലു വേദികളിലായി ആകെ 48 അവതരണങ്ങളാവും ഉണ്ടാവുക.
Next Story

RELATED STORIES

Share it