thrissur local

തെരുവുകള്‍ കൈയടക്കി നായ്ക്കള്‍: ജനം ഭീതിയില്‍

ചാവക്കാട്: തെരുവുകളെല്ലാം തെരുവ് നായകള്‍ കൈയടക്കിയതോടെ ജനം പുറത്തിറങ്ങുന്നത് ഭയപ്പാടില്‍. കടപ്പുറം, പുന്നയൂര്‍, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെല്ലാം തെരുവ് നായകളുടെ ശല്യം അതിരൂക്ഷമായി.
ഇറച്ചിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നും മറ്റും  മാലിന്യങ്ങള്‍ തോന്നിയയിടങ്ങളില്‍ പുറന്തള്ളുന്നതാണ് തെരുവ് നായകള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കോഴിക്കടകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത്. ചിലര്‍ നിയമാനുസൃതം മാലിന്യം സംസ്‌കരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും റോഡുകളിലും തോടുകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ നായയുടെ ആക്രമം ഭയന്ന് പലരും പുറത്തിറങ്ങാറില്ല.
അതിരാവിലെ പത്രവിതരണം നടത്തുന്നവര്‍ തെരുവ് നായ പെരുകിയതോടെ ഭീഷണിയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് മണത്തല ബേബിറോഡില്‍ തെരുവുനായ ഓടിച്ച് സൈക്കിളില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ഥിയുടെ കാലൊടിഞ്ഞിരുന്നു.  ചാവക്കാട് ബസ് സ്റ്റാന്‍ഡിലും ടൗണിലും ഉള്‍പ്പെടെ തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണ്. മേഖലയിലെ ഇടറോഡുകളിലെല്ലാം നായ ശല്യം ഏറിയതായി നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it