Kollam Local

തെന്‍മലയിലെ ബോട്ട് സവാരിക്ക് അര കിലോമീറ്റര്‍ നടക്കണം



തെന്മല: ഇക്കോടൂറിസത്തിന്റെ ഉല്ലാസ ബോട്ട് സവാരിക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് ദുരിതമാകുന്നു. പള്ളംവെട്ടി എര്‍ത്ത് ഡാമില്‍നിന്നാണ് ബോട്ടിങ്. വെള്ളം ഇറങ്ങിയതനുസരിച്ച് ബോട്ട് ലാന്‍ഡ് മാറ്റിമാറ്റി അര കിലോമീറ്റര്‍ അപ്പുറമെത്തുകയായിരുന്നു. തന്മല പരപ്പാര്‍ ഡാമിന്റെ വരണ്ട തീരത്തുകൂടി അര കിലോമീറ്റര്‍ നടന്നുവേണം ഇവിടെ എത്താന്‍.  പൊരിവെയിലത്ത് ഇത്ര ദൂരം താണ്ടുമ്പോഴേ തളര്‍ന്നുപോവുകയാണ് സഞ്ചാരികള്‍.സ്ത്രീകളും പ്രായമേറിയവരും കുട്ടികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. വെള്ളം ഇറങ്ങിയതോടെ രൂപപ്പെട്ട ഒറ്റയടിപ്പാതയിലൂടെയാണ് യാത്ര. മണലില്‍ കാല്‍ പുതഞ്ഞും പാറക്കെട്ടുകളില്‍ കാലുടക്കിയും ചരലുകളില്‍ വഴുതിയും താഴ്ചയിലേക്ക് വീഴാന്‍ സാധ്യതയേറെയാണ്. വലിയ മണല്‍ക്കുന്നുകള്‍ കയറിയിറങ്ങണം ബോട്ട് ലാന്‍ഡിലേക്ക് കാല്‍വയ്ക്കാന്‍. 210 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. ടിക്കറ്റെടുത്തുകഴിയുമ്പോഴാണ് നടക്കേണ്ട ദൂരത്തെപ്പറ്റി പലരും അറിയുന്നത്. മൂന്നുവര്‍ഷം മുമ്പാണ് പള്ളം വെട്ടിയിലേക്ക് ബോട്ട് ലാന്‍ഡ് മാറ്റിയത്.നിറഞ്ഞുകിടക്കുമ്പോള്‍ ഏതാനും മീറ്റര്‍ നടന്നാല്‍ ബോട്ടില്‍ കയറാന്‍ കഴിയും. മുമ്പ് കളംകുന്നിലായിരുന്നു ബോട്ട് ലാന്‍ഡ്. വെള്ളം താഴ്ന്നാലും കുറച്ച് പടിക്കെട്ടുകള്‍ ഇറങ്ങിയാല്‍ ബോട്ടില്‍ കയറാന്‍ കഴിയുമായിരുന്നു. കളംകുന്നുവരെ ഇക്കോടൂറിസത്തിന്റെ വാഹനത്തില്‍ സഞ്ചാരികളെ എത്തിച്ചിരുന്നു. സൗകര്യങ്ങളോട് കൂടിയ ബോട്ട് ലാന്‍ഡ് നിസാരകാര്യങ്ങള്‍ പറഞ്ഞ് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it