തെങ്ങ് മരമാണോ? ഗോവയില്‍ തര്‍ക്കം മുറുകുന്നു

പനാജി: ഗോവയില്‍ തെങ്ങിന്റെ പേരിലുള്ള തര്‍ക്കം മുറുകുന്നു. തെങ്ങ് മരത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും ഇതിനാല്‍ വനസംരക്ഷണ നിയമം തെങ്ങിനു ബാധകമല്ലെന്നുമുള്ള ഗോവ സര്‍ക്കാരിന്റെ തീരുമാനവും ഇതേത്തുടര്‍ന്നുണ്ടായ എതിര്‍പ്പുകളുമാണ് ഗോവയില്‍ തെങ്ങിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
വാണി അഗ്രോ എന്ന സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണശാല നിര്‍മിക്കുന്നതിന് 500 തെങ്ങുകള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയത് ചോദ്യംചെയ്യപ്പെട്ടതോടെ ഗോവന്‍ സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയ വിശദീകരണത്തിലാണ് തെങ്ങ് മരത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ഗോവന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയും രംഗത്തുവന്നിട്ടുണ്ട്. 'മരം എന്ന നിര്‍വചനം തെങ്ങിനു ലഭിക്കണമെങ്കില്‍ അതിന് ചില്ലകള്‍ വേണം. തെങ്ങിന് ചില്ലകളില്ലാത്തതിനാല്‍ മരമെന്നു പറയാനാവില്ല. ഇതിനാല്‍ വനസംരക്ഷണ നിയമത്തില്‍ തെങ്ങ് ഉള്‍പ്പെടില്ലെന്നും ഗോവന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി ഔദ്യോഗികമായി അഭിപ്രായപ്പെടുന്നു.
നിയന്ത്രണമില്ലാതെ തെങ്ങ് മുറിക്കാന്‍ അനുമതി നല്‍കുന്നതാണ് സര്‍ക്കാരിന്റെ പുതിയ വിശദീകരണം എന്നാണ് പരിസ്ഥിതി സംരക്ഷകര്‍ പറയുന്നത്.
വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ സര്‍ക്കാര്‍ തെങ്ങിനെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും തെങ്ങുകള്‍ വെട്ടിവീഴ്ത്തുന്നത് പാരസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാവുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും ഇവര്‍ പറയുന്നു. തെങ്ങിന്റെ പേരിലുള്ള തര്‍ക്കം മുറുകിയതോടെ മരം എന്ന ഗണത്തില്‍പ്പെടുത്താവുന്നതിന്റെ നിര്‍വചനം ഗോവന്‍ സര്‍ക്കാര്‍ പുതുക്കിയിട്ടുണ്ട്. തായ്ത്തടിക്ക് 10 സെന്റീമീറ്റര്‍ ചുറ്റളവും അഞ്ചു മീറ്റര്‍ ഉയരവുമുള്ളവ മാത്രമേ മരത്തിന്റെ ഗണത്തില്‍പ്പെടുകയുള്ളൂ എന്നാണ് പുതിയ നിര്‍വചനം. നേരത്തെ ഇത് അഞ്ച് സെന്റീമീറ്റര്‍ ചുറ്റളവും 30 സെന്റീമീറ്റര്‍ ഉയരവും എന്നായിരുന്നു.
Next Story

RELATED STORIES

Share it