Kottayam Local

തെങ്ങുകള്‍ വെട്ടിനശിപ്പിച്ച് വഴി നിര്‍മാണം: പ്രതിഷേധം ശക്തം

കുമരകം: കുമരകം രണ്ടാം വാര്‍ഡില്‍ മുലേപ്പാടത്തിന്റെ പുറം ബണ്ടിലെ സ്വകാര്യ വ്യക്തിയുടെ 40 ഓളം കായ്ഫലമുള്ള തെങ്ങുകള്‍ ഇരുട്ടിന്റെ മറവില്‍ വെട്ടി നശിപ്പിച്ച് വഴി നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അനധികൃതമായി തന്റെ വസ്തുവില്‍ കൂടി റോഡ് നിര്‍മിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കാട്ടി വൈക്കം തോട്ടിച്ചിറ പ്രിയദര്‍ശിനി സണ്ണി എബ്രഹാം കോട്ടയം മുനിസിഫ് കോടതിയില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനെതിരേ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ്  കഴിഞ്ഞ ദിവസം രാത്രി തെങ്ങുകള്‍ വെട്ടിനശിപ്പിച്ചത്. മൂലേപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള തൊട്ടിച്ചിറ ബ്ലോക്കിലെ 350 മീറ്റര്‍ നീളമുള്ള പുറംബണ്ടിലെ തെങ്ങുകളാണ് വെട്ടിനശിപ്പിച്ചത്.  എന്നാല്‍ ഈ വസ്തുവിന്റെ അതിര്‍ത്തിക്ക് അപ്പുറമുള്ള മറ്റു കര്‍ഷകരുടേയോ താമസക്കാരുടേയോ തെങ്ങകളും ഫലവൃക്ഷങ്ങളും നശിപ്പിച്ചിട്ടില്ല. മൂലേപ്പാടം പാലം നിര്‍മിച്ചതോടെയാണ് വഴി പ്രശ്‌നത്തിന് തുടക്കമായത്. രണ്ടുമാസം മുമ്പ് 13 തെങ്ങുകള്‍ വെട്ടികളഞ്ഞതോടെയാണ് ഉടമ കോടതിയെ സമീപിച്ചത്.  തുടര്‍ നടപടികളും ചര്‍ച്ചകളും നടന്നു വരുന്നതിനിടെയാണ് തെങ്ങുകള്‍ വെട്ടിമാറ്റിയത്. തെങ്ങ് കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് കേരഗ്രാമം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് നീര ഉല്‍പാദനം നടത്തിക്കൊണ്ടിരുന്ന തെങ്ങുകള്‍ നശിപ്പിച്ചത്. പുറംബണ്ട് സംരക്ഷണത്തിനും കരിങ്കല്‍ കെട്ടി ഉയര്‍—ത്തുന്നതിനും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും വസ്തു ഉടമയുടെ സമ്മതപത്രം ഇല്ലാത്തതിനാല്‍ പദ്ധതി തുടങ്ങാനായില്ല. ഈ പദ്ധതിയുടെ പേരില്‍ റോഡു നിര്‍മിക്കാനായിരുന്നു നീക്കമെന്ന് തൊട്ടിച്ചിറ സണ്ണി എബ്രഹാം ചൂണ്ടിക്കാട്ടി. തെങ്ങുകള്‍ ഒഴിവാക്കി വഴിയ്ക്കു സ്ഥലം വിട്ടു നല്‍കാനും വഴി നിര്‍മാണത്തിന് സഹകരിക്കാമെന്നും അധികൃതരെ അറിയിച്ചിരുന്നെങ്കിലും രാത്രി കൈയ്യേറ്റം നടത്തുകയായിരുന്നുവെന്ന് സണ്ണി എബ്രഹാം പറഞ്ഞു.
Next Story

RELATED STORIES

Share it