Idukki local

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം : മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം



തൊടുപുഴ:തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നടപടി ഊര്‍ജിതമാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്‌ട്രേറ്റില്‍ മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉള്ള വില്ലേജുകളെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കും. ഈ വില്ലേജുകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.റോഡരികില്‍ വീഴാറായി അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മൂലം അപകടമോ നാശനഷ്ടമോ ഉണ്ടായാല്‍ നടപടി സ്വീകരിക്കും. എല്ലാ വകുപ്പുകളില്‍ നിന്നും ഒരു നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനും ഓരോ വകുപ്പുകളിലും ഉളള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ സൂക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. വാഹനങ്ങളും സുരക്ഷാ ഉപകരണങ്ങളും സജ്ജമാക്കും. എല്ലാ വകുപ്പുകളും അനുയോജ്യരായ രണ്ട് ഉദ്യോഗസ്ഥരെ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് നിയോഗിക്കണം.ആരോഗ്യവകുപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന് സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ (എ.എല്‍.എസ് സൗകര്യത്തോടുകൂടിയത്) സജ്ജമാക്കണം.മലവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും (കുളിക്കടവുകള്‍) മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്താന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. മഴ നിലക്കുന്ന മുറയ്ക്ക് മാത്രമേ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാവൂ.ജെ.സി.ബി , ടിപ്പര്‍ പോലുള്ള വലിയ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷാ പ്രവ്ത്തനങ്ങള്‍ക്കായി ലഭ്യമാക്കാന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കണം. റോഡുകളില്‍ അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍, സുരക്ഷ വേലികള്‍ നിര്‍മ്മിക്കേണ്ടതുണ്ടെങ്കില്‍ റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.ഹൈവേകളില്‍ നടക്കുന്ന മരാമത്ത് പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും മഴക്കാലത്ത് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. റോഡിന്റെ വശങ്ങളില്‍ കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റണം. ഈ മാസം 28ന് ഡ്രൈഡേ ആയി ആചരിച്ച് മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും കലക്ടര്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it