തെക്കന്‍ മൗസിലില്‍ ഇറാഖി സൈന്യത്തിനു മുന്നേറ്റം; ഫലൂജയില്‍ 50 സൈനികര്‍ മരിച്ചു

ബഗ്ദാദ്: ഇറാഖിലെ തെക്കന്‍ മൗസിലില്‍ ഐഎസിനെതിരായുള്ള പോരാട്ടത്തില്‍ ഇറാഖി സൈന്യത്തിനു മുന്നേറ്റം. ഹാജ് അലി ഗ്രാമം സൈന്യം തിരിച്ചുപിടിച്ചതായും ദൗത്യം തുടരുന്നതായും സൈനിക വക്താവ് അറിയിച്ചു. യുഎസ് സഖ്യസേനയുടെ പിന്തുണയോടെ തൊട്ടടുത്ത ഗ്രാമം നിയന്ത്രണത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തുടക്കത്തില്‍ ഐഎസ് പ്രതിരോധിച്ചെങ്കിലും പിന്നീട് അവര്‍ പിന്‍വാങ്ങുന്നതായാണ് കാണാന്‍ സാധിച്ചതെന്ന് ഹാജ് അലി ഗ്രാമത്തിനു തൊട്ടടുത്തുള്ള ഖാരയ്ബ് ജാബര്‍ ഗ്രാമത്തില്‍ നിന്ന് ഇറാഖി സൈന്യം അറിയിച്ചു. ടൈഗ്രിസ് നദിയുടെ കിഴക്കന്‍ തീരത്താണ് ഹാജ് അലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഐഎസിന്റെ അധീനതയിലുള്ള ഖയാരയുടെ എതിര്‍വശമാണ് ഈ പ്രദേശം. രണ്ടു വര്‍ഷത്തോളമായി മൗസില്‍ ഐഎസ് കൈയടക്കി വച്ചിരിക്കുകയാണ്. അടുത്തിടെ ഇറാഖിലും സിറിയയിലും ഐഎസ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇറാഖിലെ ഫലൂജയിലും സൈന്യം ഐഎസിനെതിരേ ശക്തമായി മുന്നേറ്റം നടത്തുകയാണ്. മേഖലയില്‍ ഇന്നലെ ഐഎസുമായുണ്ടായ ഏറ്റുമുട്ടലില്‍ 50 സൈനികര്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. അതേസമയം, ഐഎസ് അധീനതയിലുള്ള സിറിയയിലെ മാന്‍ബിജില്‍ യുഎസ് സഖ്യസേനയുടെ പിന്തുണയോടെ സൈന്യം മുന്നേറ്റം നടത്തുകയാണെന്നാണ് വിവരം.
Next Story

RELATED STORIES

Share it