thrissur local

തൃശൂര്‍-വാടാനപ്പിള്ളി സംസ്ഥാനപാതയിലെ ഗട്ടറുകള്‍ അപകടഭീഷണിയുയര്‍ത്തുന്നു

തൃശൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടന്നിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിക്കാതെ തൃശൂര്‍-വാടാനപ്പിള്ളി സംസ്ഥാനപാത. അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം റോഡിലെ ഗട്ടറുകള്‍ ഈ മേഖലയെ അപകടപാതയാക്കി മാറ്റുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തൃശൂര്‍-വാടാനപ്പിള്ളി സംസ്ഥാന പാതയ്ക്ക് തറക്കല്ലിട്ടതാണ്. എന്നാല്‍ ഉദ്ഘാടനം നടന്നിട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിടത്തു തന്നെ ഒടുങ്ങുകയാണ്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ റോഡരികിലെ കൂറ്റന്‍മരങ്ങള്‍ മുറിച്ചുവിറ്റതു മാത്രമാണിവിടെ നടന്ന വികസനം. റോഡ് വികസനത്തിന്റെ മറവില്‍ നൂറ്റാണ്ടു പഴക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പിന്നില്‍ കച്ചവട താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
റോഡ് വികസനം ചൂണ്ടിക്കാട്ടി അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം ഈ റോഡ് അപകടപാതയായി മാറുകയാണ്. മനക്കൊടി, ചേറ്റുപുഴ, അരിമ്പൂര്‍ എന്നീ മേഖലയിലെല്ലാം റോഡിലെ ഗട്ടറുകളാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. അരിമ്പൂരില്‍ രണ്ടുപേരുടെ മരണത്തിനു കാരണമായ അപകടം നടന്നിട്ടും റോഡിലെ ഗട്ടറുകള്‍ അടയ്ക്കുവാന്‍ നടപടിയായില്ലെന്നാണ് യാത്രക്കാരുടെ പരാതി. മഴക്കാലമാകുന്നതോടെ ഗട്ടറുകള്‍ ഇനിയും വ്യാപിക്കുമെന്നതാണവസ്ഥ.
നിരവധി സ്‌കൂളുകള്‍ നിലകൊള്ളുന്ന മേഖലയായതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഏറെ യാത്രാദുരിതം നേരിടേണ്ടി വരുമെന്ന സ്ഥിതിയാണിവിടെ. ഗട്ടറുകള്‍ മൂലം വാഹനങ്ങള്‍ വെട്ടി ഒഴിഞ്ഞുപോകുന്നതും ഒരു വശത്തേക്ക് കേന്ദ്രീകരിക്കുന്നതുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. രാത്രികാലങ്ങളിലാണ് ഏറെ അപകടഭീഷണി നിലനില്‍ക്കുന്നത്. സംസ്ഥാനപാതയായി നവീകരിക്കാന്‍ കരാര്‍ കൊടുക്കുകയും ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്‌തെങ്കിലും റോഡരികില്‍ അങ്ങിങ്ങായി കുറെ മെറ്റലിറക്കിയതല്ലാതെ നിര്‍മാണം ഇനിയും ആരംഭിക്കാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല. റോഡരികിലെ മരങ്ങള്‍ മുറിച്ചുനീക്കുന്നതിനു കാണിച്ച താല്‍പര്യം കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്നില്ല. ജില്ലയില്‍ നിന്ന് മൂന്നു മന്ത്രിമാരുണ്ടായിട്ടും വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരാനും ഉചിതമായ നടപടി സ്വീകരിക്കാനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് സമീപവാസികള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it