Flash News

തൃശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് ഇന്ന്



തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് ഇന്നു നടക്കും. വെടിക്കെട്ടിനായുള്ള അനുമതി വൈകിയാണെങ്കിലും ലഭിച്ചതിന്റെ ആശ്വാസത്തിലാണു പൂരപ്രേമികള്‍. സാംപിള്‍ വെടിക്കെട്ടിനായി ഒരുങ്ങാന്‍ സമയം തികയാത്ത സാഹചര്യമാണെങ്കിലും തട്ടക നിവാസികള്‍ക്കു മുമ്പില്‍ സാംപിളിന്റെ ശോഭ കളയാനാവില്ലെന്ന നിലപാടിലാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍. അതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് സാംപിള്‍ വെടിക്കെട്ട് ഭംഗിയായി ഒരുക്കാനായുള്ള ഓട്ടത്തിലാണ് ഇരുദേവസ്വങ്ങളും. കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം ഇന്നലെ പൂരനഗരിയിലെത്തി വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിച്ചു. ഉപാധികളനുസരിച്ച് നല്‍കിയ അനുമതി കൃത്യമായി പാലിക്കുന്നുണ്ടോയെന്നു കേന്ദ്രസംഘം വിലയിരുത്തി. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇത്തവണ വെടിക്കെട്ട് നടത്തുക. സുരക്ഷയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് ഫയര്‍ ഹൈഡ്രന്റുകള്‍ ഇത്തവണ സ്ഥാപിച്ചിട്ടുണ്ട്. ദൂരപരിധിയില്‍ നിന്നുകൊണ്ട് മാത്രം വെടിക്കെട്ട് വീക്ഷിക്കുന്നതിനായി ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. നിരോധിത രാസവസ്തുക്കള്‍ പൂര്‍ണമായും ഉപേക്ഷിച്ചും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചുമുള്ള വെടിക്കെട്ടായിരിക്കും ഇത്തവണ നടത്തുക. സാംപിളിന് ഇന്ന് രാത്രി 7ന് തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും. തുടര്‍ന്ന് പാറമേക്കാവിന്റെ സാംപിള്‍ അരങ്ങേറും.
Next Story

RELATED STORIES

Share it