തൃശൂര്‍ പൂരം പൊലിമയോടെ നടക്കും: മുഖ്യമന്ത്രി

തൃശൂര്‍: തൃശൂര്‍ പൂരം പതിവുപോലെ ഭംഗിയായി നാളെ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃശൂരില്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി രാമനിലയത്തില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സഹകരണവകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ എന്നിവരും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കോടതിയുടെ നിയന്ത്രണങ്ങളും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും മുന്‍കാലങ്ങളി ല്‍ നിലവിലുണ്ടായിരുന്ന നിയമങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക. നിയമങ്ങള്‍ക്ക് വിധേയമായി പൊലിമ കുറയാതെ പൂരം നടത്താനാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇന്നലെ തൃശൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും ഇതേ അഭിപ്രായമാണ് ഉയര്‍ന്നു വന്നത്. ഈ പൊതുവായ ധാരണ അപ്പോള്‍ തന്നെ അഡ്വ. ജനറല്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ നിന്നും അനുകൂലമായ നിലപാടുണ്ടായത്.
പൂരം സംബന്ധിച്ച് സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ എല്ലാം ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരത്തിന് സുരക്ഷ കര്‍ശനമായി തന്നെ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലുള്ള വെടിക്കെട്ടിന് തടസ്സമുണ്ടാവില്ല- അദ്ദേഹം പറഞ്ഞു. ആനകളെ പൂരത്തിന് നിരോധിച്ച് വിവാദ സര്‍ക്കുലര്‍ ഇറക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിനും അനുമതി നല്‍കി. ഇന്നലെ രാവിലെ രാമനിലയത്തി ല്‍ കലക്ടര്‍ വി രതീശന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.
തൃശൂര്‍ പൂരത്തിന്റെ മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് ഇന്നലെ നടന്നു.സാംപിള്‍ വെടിക്കെട്ടിന് പാറമേക്കാവ് വിഭാഗമാണ് ആദ്യം തീ കൊളുത്തിയത്. അര മണിക്കൂറിനുശേഷം തിരുവമ്പാടി ആകാശത്തെ മല്‍സരപ്പൂരത്തിന് തിരികൊളുത്തി. പതിഞ്ഞ താളത്തില്‍ വര്‍ണങ്ങള്‍ നിറഞ്ഞാടിയ സാംപിള്‍ വെടിക്കെട്ട് കൂട്ടപ്പൊരിച്ചിലിലെത്തിയപ്പോള്‍ ആവേശത്തിമര്‍പ്പിലായി.
വര്‍ണങ്ങള്‍ വാരിവിതറിയ സാംപിളില്‍ മഞ്ഞയും ചുവപ്പും പച്ചയും വയലറ്റും നിറഞ്ഞ അമിട്ടുകള്‍ ആകാശത്ത് മല്‍സരിച്ചപ്പോള്‍ പൂരവെടിക്കെട്ട് കസറുമെന്ന് പൂരപ്രേമികള്‍ക്ക് ഉറപ്പായി. പിന്നീട് മാറിമാറിയുള്ള അമിട്ടുകളും കൂടി കഴിഞ്ഞതോടെ നിറഞ്ഞ മനസ്സുമായാണ് പതിനായിരങ്ങള്‍ പൂരപ്പറമ്പ് വിട്ടൊഴിഞ്ഞത്. തൃശൂര്‍ പൂരം ഇന്നേവരെ കണ്ടിട്ടില്ലാത്ത സുരക്ഷയായിരുന്നു സാംപിളിനോടനുബന്ധിച്ച് പൊലിസ് ഒരുക്കിയത്.
Next Story

RELATED STORIES

Share it