തൃശൂര്‍ പൂരം നടത്തിപ്പ്: ദേവസ്വങ്ങള്‍ തമ്മില്‍ ധാരണയിലെത്തി

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പു സംബന്ധിച്ച് ദേവസ്വങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ ധാരണയിലെത്തി. വ്യവസായമന്ത്രി എ സി മൊയ്തീന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പൂരം നടത്തിപ്പു സംബന്ധിച്ചു ധാരണയായത്. തേക്കിന്‍കാട് സൗന്ദര്യവല്‍ക്കരണത്തിനും തീരുമാനമായി. പൂരം പ്രദര്‍ശനത്തില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം സംബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ യോഗത്തില്‍ സമവായമുണ്ടാക്കി. ധാരണയനുസരിച്ച് പ്രദര്‍ശന ഗ്രൗണ്ടിന് പ്രദര്‍ശന കമ്മിറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 20 ലക്ഷം രൂപ നല്‍കും. വാഹന പാര്‍ക്കിങ് പൂര്‍ണമായും ബോര്‍ഡിന്റെ ചുമതലയിലാവും. ദേവസ്വം ബോര്‍ഡിന്റെ ആറു ക്ഷേത്രങ്ങളടക്കം എട്ട് ഘടകപൂരങ്ങള്‍ക്ക് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ തുടര്‍ന്നുവരുന്ന സഹായം മാറ്റമില്ലാതെ തുടരും. തേക്കിന്‍കാട് സൗന്ദര്യവല്‍ക്കരണത്തിന് രണ്ടുകോടി രൂപ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉറപ്പുനല്‍കി. സൗന്ദര്യവല്‍ക്കരണ പദ്ധതിയുമായി ദേവസ്വങ്ങള്‍ സഹകരിക്കാനും ധാരണയായി. ബോര്‍ഡിനു വേണ്ടി പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍, മെംബര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും പ്രദര്‍ശന കമ്മിറ്റിക്കു വേണ്ടി പി രാധാകൃഷ്ണന്‍, കെ സതീഷ് മേനോന്‍, ജി രാജേഷ്, പ്രഫ. എം മാധവന്‍കുട്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it