thrissur local

തൃശൂര്‍ താലൂക്കിലെ റേഷന്‍ വിതരണ പ്രതിസന്ധി തുടരുന്നു

തൃശൂര്‍: തൃശൂര്‍ താലൂക്കിലെ റേഷന്‍ വിതരണ പ്രതിസന്ധി തുടരുന്നു. സ്‌റ്റോക്ക് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍. തൃശൂര്‍ താലൂക്കിലെ മൂന്ന് ഫര്‍ക്കയിലെ നൂറ്റമ്പതോളം റേഷന്‍ കടയില്‍ അരിയും ഗോതമ്പും മെയ് മാസത്തെ വിതരണത്തിനായി സ്‌റ്റോക്കെത്താത്തതാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ കാരണം.
ഊരകം, ചിറ്റിലപ്പിള്ളി, ടൗണ്‍ ഫര്‍ക്കകളിലെ നൂറ്റമ്പതോളം റേഷന്‍ കടകളിലാണ് ഈ മാസം വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍ സ്‌റ്റോക്കെത്താത്തത്. പുത്തൂര്‍, അന്തിക്കാട്, ഫര്‍ക്കകളില്‍ മുഴുവനായും റൂറല്‍ ഫര്‍ക്കയില്‍ ഭാഗികമായും സ്‌റ്റോക്കെത്തിയിട്ടുണ്ടെങ്കിലും താലൂക്കിലെ പകുതിയോളം കടകളില്‍ റേഷന്‍ ധാന്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് പരാതി. ഏപ്രില്‍ മാസത്തെ റേഷന്‍ ധാന്യങ്ങള്‍ തൃശൂര്‍ താലൂക്കിലെ റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കാന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തുടര്‍ന്ന് മെയ് ഏഴോടെ ധാന്യങ്ങളെത്തിച്ച് വിതരണം തുടങ്ങുകയും മെയ് 10ന് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം നിര്‍ത്തുകയുമായിരുന്നു. മെയ് മാസത്തേക്കുള്ള റേഷന്‍ വിതരണത്തിന് ധാന്യങ്ങള്‍ മെയ് 11 മുതല്‍ എത്തിച്ച് തുടങ്ങിയിട്ടും ഇപ്പോഴും താലൂക്കിലെ പകുതിയിലധികം കടകള്‍ക്ക് ലഭിച്ചില്ലെന്നത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അലംഭാവമാണെന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിച്ചു. 650 ഓളം ലോഡ് ധാന്യം കുരിയിച്ചിറയിലെ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ സ്‌റ്റോക്കുണ്ടായിട്ടും 12 ദിവസം കൊണ്ട് കേവലം നൂറോളം ലോഡ് ധാന്യം മാത്രമേ കടകളില്‍ എത്തിക്കാനായിട്ടുള്ളൂ. തൃശൂര്‍ താലൂക്കില്‍ 2017 ഡിസംബര്‍ മുതലുള്ള കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.
തൃശൂര്‍ താലൂക്കില്‍ സംജാതമായിട്ടുള്ള റേഷന്‍ വിതരണ പ്രതിസന്ധിയും കമ്മീഷന്‍ കുടിശ്ശിക പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ റേഷന്‍ വ്യാപാരികളുടെ സംസ്ഥാന നേതാക്കള്‍ ഈയാഴ്ച തൃശൂരിലെത്തുന്നുണ്ട്. എന്നാല്‍ തൃശൂര്‍ താലൂക്ക് ഇതുവരെ റേഷന്‍ ധാന്യം കിട്ടാതെ വന്നിട്ടില്ലെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും റേഷന്‍ ധാന്യം എത്തിക്കുമെന്നും തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it