Districts

തൃശൂര്‍ കോര്‍പറേഷനില്‍ അനിശ്ചിതത്വം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ ഇക്കുറി ആരു ഭരിക്കുമെന്ന് സംസ്ഥാനം ഉറ്റുനോക്കുകയാണ്. ഇരുമുന്നണികളും ഇവിടെ അഭിമാനപ്പോരാട്ടത്തിലാണ്. ആദ്യ കോര്‍പറേഷന്‍ ഭരണം ഇടതുപക്ഷത്തിനായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു. വെറും ഏഴു സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഇടതുപക്ഷം എടുത്തു പ്രയോഗിച്ചിട്ടുണ്ട്.
എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെയെല്ലാം കളത്തില്‍ ഇറക്കി യുഡിഎഫും ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തിയത്.
മൃഗീയ ഭൂരിപക്ഷം ഉണ്ടാവില്ലെങ്കിലും ഭരണം നിലനിര്‍ത്താനാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എസ്എന്‍ഡിപിയെക്കൂടി കൂടെ നിര്‍ത്തി ബിജെപിയും എല്ലാ സീറ്റുകളിലും ഒരു കൈ നോക്കുന്നുണ്ട്. നവ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളായ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരും മല്‍സര രംഗത്തുണ്ട്.
മിക്ക സീറ്റുകളിലും ത്രികോണ മല്‍സരത്തിന്റെ പ്രതീതിയാണുള്ളത്. 55ല്‍ 33 സീറ്റ് നേടി ഭരണം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് എല്‍ഡിഎഫ്. കോര്‍പറേഷനില്‍ മല്‍സരിക്കുന്ന 13 വിമതര്‍ യുഡിഎഫ് കോട്ട കുലുക്കിയേക്കും. ഇതില്‍ അഞ്ച് വരെ വിമതര്‍ ജയിക്കുമെന്നാണ് സൂചന. 32 മുതല്‍ 35 സീറ്റുകളിലാണ് യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ വന്‍ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണം നിലനിര്‍ത്താനാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മേയര്‍ രാജന്‍ ജെ പല്ലന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ പരിധിയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ തുറുപ്പ്ചീട്ട്. മേയറുടെ വികസന പദ്ധതികള്‍ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it