thrissur local

തൃശൂര്‍- കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു



കുന്നംകുളം: വിദ്യാര്‍ഥിനികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ പ്രതികരിച്ച ജനപ്രതിനിധികളുടെ നടപടിക്കെതിരെ കുന്നംകുളം റൂട്ടില്‍ സ്വകാര്യബസുകള്‍ ഇന്നലെ നടത്തിയ മിന്നല്‍ പണിമുടക്ക് വൈകീട്ടോടെ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളെ കയറ്റാത്തതില്‍ പ്രതിഷേധിച്ച് കുന്നംകുളം നഗരത്തില്‍ കൗണ്‍സിലര്‍മാരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏകപക്ഷീയമായി പോലിസ് കേസെടുത്തുവെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. അപ്രതീക്ഷിതമായ പണിമുടക്ക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ബസ് ജീവനക്കാരും പോലിസുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ഇതിനിടെ ബസ് പണിമുടക്ക് അവസാനിപ്പിക്കാന്‍ ബിഎംഎസ് ജില്ലാ നേതാക്കള്‍ പോലിസുമായി ആദ്യം നടത്തിയ ചര്‍ച്ചയില്‍ ഫലമുണ്ടായില്ല. സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകാതിരുന്നതാണ് പ്രതിസന്ധിക്കു കാരണം. തങ്ങളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നു പിന്‍വാങ്ങില്ലെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കാമെന്നും പിടിച്ചെടുത്ത ബസ് വിട്ടു നല്‍കാമെന്നും പോലിസ് അറിയിച്ചതോടെയാണ് പിന്നീട് സമരം പിന്‍വലിക്കാന്‍ ധാരണയായത്.അതേസമയം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് പ്രതിഷേധാര്‍ഹമാണെന്നാണ് നാട്ടുകാരുടെ പക്ഷം. വിദ്യാര്‍ഥിനികളെ ബസില്‍ കയറ്റാത്തതിനെതിരെയാണ് ചെയര്‍പേഴ്‌സനും മറ്റ് വനിതാ കൗണ്‍സിലര്‍മാരും പ്രതികരിച്ചത്. ഈ റൂട്ടില്‍ വിദ്യാര്‍ഥികളെ ബസില്‍ കൃത്യമായി കയറ്റാത്തത് സ്ഥിരം സംഭവമാണെന്നും പോലിസിന്റെ ഭാഗത്തുനിന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ പക്ഷം. വിദ്യാര്‍ഥിനികളെ ബസില്‍ കയറ്റാത്തതിനെതിരെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഇടപെടുകയും ജീവനക്കാരുമായി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ദൂരെയുള്ള പ്രദേശങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ നഗരത്തില്‍ കൊണ്ടുവന്നിറക്കിയശേഷമാണ് ജീവനക്കാര്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്. രോഗികള്‍, യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാനുള്ളവര്‍, എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞു. അതേസമയം അമല-പറപ്പൂര്‍ വഴി ചാവക്കാട് ഭാഗത്തേക്കും അടാട്ട് വഴി ഗുരുവായൂരിലേക്കും ബസുകള്‍ സര്‍വീസ് നടത്തിയതും യാത്രക്കാര്‍ക്ക് തുണയായി. അടാട്ട് റൂട്ടിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ഒരുപരിധിവരെ ആശ്വാസമായി. മന്ത്രി എ സി മൊയ്തീന്റെ ഇടപെടല്‍ മൂലം കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് അനുവദിച്ചത് ആശ്വാസമായി. തൃശൂര്‍-കുറ്റിപ്പുറം, തൃശൂര്‍-ഗുരുവായൂര്‍ റൂട്ടുകളില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് അധിക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി തൃശൂര്‍ ഡിപ്പോ മാതൃകയായി. ആവശ്യത്തിന് ബസുകള്‍ ഓടിയതോടെ യാത്രക്കാര്‍ക്ക് ക്ലേശമൊഴിവായി. സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്കിയാല്‍ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി തൃശൂര്‍ ഡിപ്പോ സന്നദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ഡി.റ്റി.ഒ വാസുദേവന്‍ മുതുവറയുടേയും ജീവനക്കാരുടെയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍ അനുമോദന പത്രം നല്‍കി.
Next Story

RELATED STORIES

Share it