thrissur local

തൃശൂര്‍ ഇനി വൈഫൈ നഗരം

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ ഇനി മുതല്‍ വൈഫൈ നഗരം. കോര്‍പറേഷനെ വൈഫൈ നഗരമാക്കിയുള്ള പ്രഖ്യാപന പരിപാടി സഹകരണ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് കോര്‍പറേഷനാവശ്യമായ സഹകരണങ്ങള്‍ ചെയ്യുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായിരുന്നു.
മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ഒരേ സമയം സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം വൈഫൈ വല്‍ക്കരണമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. വിവര സാങ്കേതിക വിദ്യ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്ന കാലത്ത് ഇത്തരം സൗകര്യങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി കെ എം ബഷീര്‍ പദ്ധതി വിശദീകരിച്ചു. വിവര സാങ്കേതികവിദ്യാ വളര്‍ച്ചയുടെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്കു കൂടെ സൗജന്യമായി ലഭ്യമാക്കുകയാണ് വൈഫൈ വല്‍ക്കരണത്തിലൂടെ തൃശൂര്‍ കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
ജനന-മരണ രജിസ്‌ട്രേഷന്‍, വിവാഹ രജിസ്‌ട്രേഷന്‍, നികുതി അടക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ ലൈന്‍ ആയി നടത്താന്‍ അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇന്റര്‍നെറ്റ് പൊതു വിവരങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനങ്ങള്‍ വൈഫൈ വഴി ലഭ്യമാക്കുന്നതിലൂടെ സേവനങ്ങള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും കാര്യങ്ങള്‍ പെട്ടന്ന് നടപ്പാക്കാനും സാധ്യമാവുന്നു.കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ മറ്റു ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. നഗരാസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ എം ആര്‍ റോസിലി സ്വാഗതവും കൗണ്‍സിലര്‍ അനൂപ് കരിപ്പാല്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it