തൃശൂരിലെ തീരപ്രദേശങ്ങളില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂരും ചാവക്കാടും കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭത്തില്‍ നാലു വീടുകള്‍ തകര്‍ന്നു. ആയിരത്തിലധികം വീടുകള്‍ വെള്ളത്തിലായി. 100 മീറ്ററിലേറെ ദൂരം കര കടലെടുത്തു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച കടലാക്രമണം 12 മണിക്കൂര്‍ പിന്നിട്ടിട്ടും തുടരുകയാണ്. എറിയാട് ചന്ത, പേ ബസാ ര്‍, ലൈറ്റ് ഹൗസ്, ആറാട്ടുവഴി, കാര വാക്കടപ്പുറം, പുതിയ റോഡ് എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമാണ്. കടല്‍ഭിത്തി കടന്ന് മീറ്റര്‍ കണക്കിന് ഉയരത്തില്‍ പൊന്തിവന്ന തിരമാല വീടുകളും പുരയിടങ്ങളും കടന്ന് പെരുന്തോട്ടിലേക്കെത്തി. ഒട്ടുമിക്ക വീടുകളും കടല്‍ കയറി വാസയോഗ്യമല്ലാതായി. വ്യാഴാഴ്ച വൈകീട്ട് മല്‍സ്യബന്ധനത്തിന് പോയ നിരവധി ബോട്ടുകള്‍ കടലില്‍ കുടുങ്ങിയ അവസ്ഥയിലാണ്. ചില വള്ളങ്ങള്‍ തീരദേശ പോലിസിന്റെ സഹായത്തോടെ കരയിലെത്തി. ഇ ടി ടൈസണ്‍ എംഎല്‍എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ഷംസുദ്ദീന്‍ എന്നിവര്‍ തീരപ്രദേശം സന്ദര്‍ശിച്ചു. കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എംഎല്‍എ അറിയിച്ചു. തീരമേഖലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും. കേടുവന്ന കടല്‍ഭിത്തി അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും അഴിമുഖത്തും ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ അഴിമുഖത്ത് കരയില്‍വച്ചിരുന്ന ഫൈബര്‍ വഞ്ചി തിരയടിച്ച് തകര്‍ന്നു. വഞ്ചിയിലുണ്ടായിരുന്ന എന്‍ജിനും വലകളും നശിച്ചു. തീരത്തുണ്ടായിരുന്ന മറ്റ് രണ്ട് ഫൈബര്‍ വള്ളങ്ങളിലെ വലകളും നശിച്ചു. മുനയ്ക്കകടവ് അഴിമുഖം സ്വദേശി കാങ്ക വിശ്വനാഥന്റെ മകന്‍ വിനീഷിന്റെ ഉടമസ്ഥതയിലുള്ള ചാച്ചന്‍ ഫൈബര്‍ വള്ളമാണ് ഉപയോഗിക്കാന്‍ കഴിയാത്തവിധം തകര്‍ന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കരയില്‍വച്ചിരുന്ന തേര്‍ ശിവന്‍, ഓളാട്ട് വിനു എന്നിവരുടെ വലകളും നശിച്ചിട്ടുണ്ട്. 80,000ഓളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബ്ലാങ്ങാട് കടപ്പുറത്ത് കടല്‍ മീറ്ററുകളോളം ഉള്‍വലിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it