തൃശൂരിന്റെ പെരുമ കണ്ട് ആസ്വദിച്ച് അന്താരാഷ്ട്ര ബ്ലോഗര്‍മാര്‍

തൃശൂര്‍: അഞ്ചാംവര്‍ഷത്തിലേക്കു കടന്ന കേരള ടൂറിസത്തിന്റെ വാര്‍ഷിക ബ്ലോഗേഴ്‌സ് സംഗമമായ കേരള ബ്ലോഗേഴ്‌സ് എക്‌സ്പ്രസ് തൃശൂരിലെത്തി. 30 ബ്ലോഗര്‍മാര്‍ അടങ്ങുന്ന സംഘം മാര്‍ച്ച് 18നാണ് തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ചത്. കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന്‍ മാസ്‌കോട്ട് ഹോട്ടലില്‍ ടൂറിസം-ദേവസ്വം- സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഫഌഗ് ഓഫ് ചെയ്തത്. 'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗ് ലൈനോടെ നടക്കുന്ന വാര്‍ഷിക ബ്ലോഗര്‍ സംഗമം കേരളത്തിന്റെ മനോഹാരിതയിലൂടെ സഞ്ചരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 30 ബ്ലോഗര്‍മാരെയാണ് ഒരുമിപ്പിച്ചിരിക്കുന്നത്.
സന്ദര്‍ശനത്തിന്റെ ഏഴാംനാള്‍ സംഘം തൃശൂരിലെത്തി ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ ചാത്തക്കുടം ക്ഷേത്രം പൂരം ആസ്വദിച്ചു. എട്ടാംദിനമായ ഇന്ന് സംഘം തൃശൂരിലെ ആയുര്‍വേദ മ്യൂസിയം സന്ദര്‍ശിക്കും. അതിനു ശേഷം കോഴിക്കോട്ടേക്കു തിരിക്കും.
ബ്ലോഗുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ബ്ലോഗര്‍മാര്‍ തങ്ങള്‍ കണ്ട കേരളത്തെക്കുറിച്ച് എഴുതുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ഒപ്പം 30 അംഗ സംഘത്തിലെ ബ്ലോഗര്‍മാര്‍ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും തയ്യാറാക്കും.
കഴിഞ്ഞ വര്‍ഷത്തെ എഡിഷനില്‍ നിന്നു മാത്രം 400 ബ്ലോഗുകള്‍ സൃഷ്ടിക്കപ്പെട്ടെന്നും അതിന്റെ ഫലമാണ് കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളുടെ വരവിലുണ്ടായ വര്‍ധനയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 1727 അപേക്ഷകളില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടിങ് വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ് കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ ഭാഗമായി കേരളത്തിലുടനീളം യാത്ര നടത്തുന്ന 30 അംഗ സംഘം. 58000ല്‍ അധികം വോട്ടുകളാണ് ലഭ്യമായത്.
ഫ്രാന്‍സ്, യുഎസ്, യുകെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, വെനസ്വേല, പെറു രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. തൃശൂരിന് പുറമേ ആലപ്പുഴ, കുമരകം, മൂന്നാര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഏപ്രില്‍ 1ന് സംഘം കൊച്ചിയി ല്‍ യാത്ര അവസാനിപ്പിക്കും. ചിത്രങ്ങളും വീഡിയോകളും ലേഖനങ്ങളും അവര്‍ ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it