തൃപ്പൂണിത്തുറ:  രാജീവിനു പകരം ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന് തൃപ്പൂണിത്തുറയില്‍ മല്‍സരിക്കാന്‍ സംസ്ഥാനകമ്മിറ്റി അനുമതി നിഷേധിച്ചതോടെ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം. കെ ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം. ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഇന്നലെ അനൗദ്യോഗിക ചര്‍ച്ച നടത്തി കെ ചന്ദ്രന്‍പിള്ളയെ മല്‍സരിപ്പിക്കാന്‍ ധാരണയിലെത്തിയതായാണ് വിവരം. വിഎസ് പക്ഷ നേതാവായ ചന്ദ്രന്‍പിള്ളയെ മല്‍സരിപ്പിക്കുന്നത് മണ്ഡലത്തിലെ പാര്‍ട്ടിയുടെ കോട്ടയായ ഉദയംപേരൂരിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ക്കു തടയിടാന്‍ സഹായകമാവുമെന്നു പിണറായി പക്ഷം കണക്കു കൂട്ടുന്നു.
ജില്ലയിലെ പല സീറ്റുകളിലും ഒന്നിലധികം പേരുകള്‍ പരിഗണിച്ചിരുെന്നങ്കിലും തൃപ്പൂണിത്തുറയില്‍ പി രാജീവിനെ മാത്രമാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍, പി രാജീവ് ഉള്‍പ്പെടെ മൂന്നു ജില്ലാ സെക്രട്ടറിമാര്‍ മല്‍സരിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി നിലപാടെടുത്തതോടെയാണ് ജില്ലാ നേതൃത്വം വെട്ടിലായത്.
ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട് സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ കെ ബാബുവിന്റെ പ്രതിച്ഛായ മങ്ങിനില്‍ക്കുന്ന സാഹചര്യത്തില്‍ രാജീവിനെ ഇറക്കി സീറ്റ് പിടിക്കാമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.
വിഭാഗീയതയെ തുടര്‍ന്ന് വി എസ് പക്ഷ നേതാവായ ടി രഘുവരനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റ് ചെയ്തത് ഉദയം പേരൂരില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. രഘുവരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം അനുകൂല തീരുമാനമുണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഉദയം പേരൂരില്‍ തങ്ങളുടെ ശക്തി തെളിയിക്കും എന്ന നിലപാടുമായി വിമതര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ചന്ദ്രന്‍പിള്ളയെ മല്‍സരിപ്പിച്ച് വിമതരെ ഒപ്പം നിര്‍ത്താമെന്നാണ് പിണറായി പക്ഷത്തിന്റെ വിലയിരുത്തല്‍.
കളമശ്ശേരിയില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ കെ ചന്ദ്രന്‍പിള്ളയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്മാറിയിരുന്നു. വിഭാഗീയതയെ തുടര്‍ന്നായിരുന്നു പിന്മാറ്റമെന്നാണ് സൂചന. തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാവുന്നതുമായി ബന്ധപ്പെട്ട് ചന്ദ്രന്‍പിള്ള എന്തു നിലപാടെടുക്കുമെന്നാണ് അറിയാനുള്ളത്. ചന്ദ്രന്‍ പിളളയെക്കൂടാതെ തൃപ്പൂണിത്തുറ ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമായ പി വാസുദേവന്‍, മുളന്തുരുത്തി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ ടി സി ഷിബു എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ചന്ദ്രന്‍പിള്ളയ്ക്കാണ് മുന്‍തൂക്കം. നിലവില്‍ പെരുമ്പാവൂരില്‍ സാജു പോളിനെയും വൈപ്പിനില്‍ എസ് ശര്‍മയെയും മല്‍സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അനുവാദം നല്‍കിയിട്ടുണ്ട്. തൃക്കാക്കരയില്‍ കെ എന്‍ ഉണ്ണി കൃഷ്ണനായിരിക്കും സ്ഥാനാര്‍ഥിയാവുകയെന്ന് ഏകദേശം ഉറപ്പായി.
Next Story

RELATED STORIES

Share it