തൃപ്പൂണിത്തുറയില്‍ സ്വരാജ് തന്നെ; എറണാകുളത്ത് ഈഴവ സമുദായത്തെ തഴഞ്ഞെന്ന് വിമര്‍ശനം

കൊച്ചി: തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയും അംഗീകരിച്ചു.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന കമ്മിറ്റിയോഗങ്ങളിലും വിമര്‍ശനങ്ങളും എതിരഭിപ്രായങ്ങളും ഉയര്‍ന്നു. ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വം അംഗീകരിക്കുകയായിരുന്നു.  ജില്ലയില്‍ സിപിഎം മല്‍സരിക്കുന്ന 10 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഈഴവ വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും ഇല്ലാത്തത് തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ പ്രചാരണായുധമാക്കുമെന്ന് അംഗങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു. ക്രിസ്ത്യന്‍, മുസ്‌ലിം, നായര്‍ സമുദായങ്ങള്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ ഈഴവരെ അവഗണിച്ചെന്ന ആക്ഷേപമുയരുന്നത് ഈഴവ സമുദായത്തിന് സ്വാധീനമുള്ള തൃപ്പൂണിത്തുറയില്‍ തിരിച്ചടിയാവുമെന്ന് ഒരു ജില്ലാ സെക്രട്ടേറിയറ്റംഗം  അഭിപ്രായപ്പെട്ടു. മൂന്നു ജില്ലാ സെക്രട്ടേറിയറ്റിലും മിണ്ടാതിരുന്നിട്ട് തീരുമാനം എടുത്തു കഴിഞ്ഞപ്പോള്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി നേരത്തെ നിര്‍ദേശിക്കപ്പെട്ട സി എം ദിനേശ്മണിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ പാര്‍ട്ടി കമ്മിറ്റികളിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. പാര്‍ട്ടി നേതാക്കളായ സി കെ മണിശങ്കര്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ക്കെതിരെ താന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു സി എം ദിനേശ് മണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍-തൃക്കാക്കര, അഡ്വ. എം അനില്‍കുമാര്‍-എറണാകുളം, എ എം യൂസഫ്-കളമശ്ശേരി, കെ ജെ ജേക്കബ് -പിറവം,  വി സലിം-ആലുവ,   എസ് ശര്‍മ-വൈപ്പിന്‍, സാജു പോള്‍-പെരുമ്പാവൂര്‍, അഡ്വ. ഷൈജി ശിവജി-കുന്നത്തുനാട്, കെ ജെ മാക്‌സി-കൊച്ചി എന്നിവരാണ് ജില്ലയിലെ മറ്റ് സ്ഥാനാര്‍ഥികള്‍.
Next Story

RELATED STORIES

Share it