ernakulam local

തൃപ്പൂണിത്തുറയില്‍ മന്ത്രി ബാബു ഏറ്റുവാങ്ങിയത് കാല്‍നൂറ്റാണ്ടിനിടയിലെ ആദ്യ തോല്‍വി

നിഷ ദിലീപ്

കൊച്ചി: 1991 മുതല്‍ തൃപ്പൂണിത്തുറ എംഎല്‍എയും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന കെ ബാബുവിന്റെ പരാജയമാണ് യുഡിഎഫിനേറ്റ കനത്ത പരാജയങ്ങളിലൊന്ന്. കാല്‍നൂറ്റാണ്ടായി തൃപ്പൂണിത്തുറയുടെ സ്വന്തം എംഎല്‍എ എന്ന പേരുകൂടിയാണ് ഇത്തവണത്തെ തോല്‍വിയോടെ കെ ബാബുവിന് നഷ്ടമാവുന്നത്.
ബാര്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും മന്ത്രി സ്ഥാനത്തേയ്ക്ക് ബാബു തിരികെ വന്നു.
കുറ്റാരോപിതര്‍ക്ക് ഇത്തവണ സീറ്റു നല്‍കുന്നതിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ എതിരഭിപ്രായമുണ്ടായിരുന്നു. ബാബുവിന് സീറ്റ് നല്‍കാന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീന്‍ കടുത്ത നിലപാട് സ്വീകരിച്ചുവെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിടിവാശിമൂലമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ അവസാന നിമിഷം എ ഗ്രൂപ്പ്കാരനും സിറ്റിങ് എംഎല്‍എയുമായ കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ പാര്‍ടി സീറ്റ് നല്‍കിയത്. എന്തു വന്നാലും താന്‍ തന്നെ തൃപ്പൂണുത്തുറയില്‍ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു ബാബു പുലര്‍ത്തിയിരുന്നതെങ്കിലും പ്രചരണത്തിന്റെ തുടക്കം മുതല്‍ മണ്ഡലത്തില്‍ സിപിഎം ബിജെപി കൂട്ടുകെട്ടുണ്ടെന്നാരോപിച്ച് ബാബു രംഗത്ത് വന്നിരുന്നു.
കാരായി രാജനും ചന്ദ്രശേഖരനും ഒപ്പം പുറത്തു നിന്ന് വന്ന് മണ്ഡലത്തില്‍ താമസിക്കുന്ന നൂറ് കണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തന്റെ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും ആരോപിച്ച് ബാബു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വോട്ടെടുപ്പിനു ശേഷവും ബാബു തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പോളിങ്ങിനുശേഷം പുറത്തുന്ന എക്‌സിറ്റ് പോള്‍ ഫലത്തില്‍ കെ ബാബു തോല്‍ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബാബു തയാറായിരുന്നില്ല. എക്‌സിറ്റ് പോള്‍ ഫലം തെറ്റുമെന്നും തൃപ്പൂണിത്തുറയില്‍ താന്‍ തന്നെ വിജയിക്കുമെന്നായിരുന്നു ഇതിനോട് ബാബു പ്രതികരിച്ചത് തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയായിരുന്നു ബാബുവിന്.
1991 ല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും എം എം ലോറന്‍സ് എന്ന പ്രമുഖ സിപിഎം നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തിയ ബാബുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2011 ലെ തിരഞ്ഞെടുപ്പില്‍ സി എം ദിനേശ്മണിയെ 15,778 വോട്ടിനാണ് കെ ബാബു പരാജയപ്പെടുത്തിയത്. അന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. സാബു വര്‍ഗീസിന് 4938 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
എന്നാല്‍ ഇത്തവണ ബാബു തൃപ്പൂണിത്തുറയില്‍ 4476 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫ. തുറവൂര്‍ വിശ്വംഭരന് ലഭിച്ചത് 29,834 വോട്ടുകളാണ്. കെ ബാബുവിന് 58,230 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ലഭിച്ചത് 62,697 വോട്ടുകളാണ്.
തൃപ്പൂണിത്തുറയില്‍ യുഡിഎഫ് വിജയിക്കുമെന്നും ബിജെപി രണ്ടാംസ്ഥാനത്തിനായി മല്‍സരിക്കുകയാണെന്നും ബാബു പറഞ്ഞിരുന്നു.
എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ ബിജെപിയുടെ ശക്തമായ സാന്നിധ്യം തൃപ്പൂണിത്തുറയില്‍ ബാബുവിന് തന്നെ വിനയായി.
Next Story

RELATED STORIES

Share it