palakkad local

തൃത്താല സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 75 ലക്ഷം അനുവദിച്ചു

ആനക്കര: ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു. നാട്ടുകാരെ സംരക്ഷിക്കാന്‍ തൃത്താല പോലിസ് സ്‌റ്റേഷന് ആധുനിക കെട്ടിടം നിര്‍മിക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ പോലിസ് ആധുനീകരണ ഫണ്ടില്‍ നിന്ന് 49 ലക്ഷം രൂപയുടെ അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ വി ടി ബല്‍റാം എം എല്‍എയുടെ സബ്മിഷന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെട്ടിടം നിര്‍മിക്കുന്ന കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ഈ തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് കെപിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ജേക്കബ് തോമസുമായി നടത്തിയ ചര്‍ച്ചയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ അടക്കമുള്ള ആധുനിക കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചതായി വി ടി ബല്‍റാം എം എല്‍എ അറിയിച്ചു.
ഇതിനായി 25 ലക്ഷം രൂപ കൂടുതലായി അനുവദിക്കും. സ്റ്റേഷനിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാത്തിരിപ്പ് സൗകര്യം, ഹെല്‍പ്പ് ഡെസ്‌കുകള്‍, പോലിസുകാര്‍ക്ക് വിശ്രമ സൗകര്യം, ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് ആയി ഉയര്‍ത്താനുള്ള സൗകര്യങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടായിരിക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു.
നിലവില്‍ കാലപ്പഴക്കം മൂലം ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മഴസമയത്ത് കുട ചൂടിയാണ് പോലിസുകര്‍ ജോലി ചെയ്യുന്ന്. ചുറ്റുപാടും വാഹനങ്ങള്‍ നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്ന സ്റ്റേഷന്‍ പരിസരം പകല്‍ സമയത്തു പോലും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. മഴ പ്രശ്‌നമല്ല, ഇഴ ജന്തുക്കള്‍ കടിച്ചാല്‍ ആര് സമാധാനം പറയുമെന്നതാണ് ഗുരുതരമായ അവരുടെ പ്രശ്‌നം. വര്‍ഷങ്ങളായി പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളി തുടങ്ങിയിട്ട്. ഇതിനാണ് ഇപ്പോള്‍ മോചനമായത്. നിലവില്‍ സ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലം റവന്യൂ വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയാല്‍ കെട്ടിടമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് സ്റ്റേഷന്‍ നില്‍ക്കുന്ന 43 സെന്റ് വകുപ്പിന് കൈമാറിയിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃത്താല പഞ്ചായത്ത് വെള്ളപൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ താല്‍ക്കാലികമായി മാറ്റി താമസിപ്പിക്കാന്‍ വേണ്ടി പണിത കെട്ടിടത്തിലാണ് തൃത്താല പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. എസ്ഐ അടക്കം 34 പോലിസുകാരണ് ഇവിടെയുളളത്. ജില്ലയിലെ പ്രധാന സ്റ്റേഷനാണിത്. കേസിന്റെ കാര്യത്തിലും മുന്നില്‍ തന്നെ. പരുതൂര്‍, തൃത്താല, പട്ടിത്തറ, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് സ്റ്റേഷന്‍. ഇവിടെ നിന്ന് 10 മുതല്‍ 15 വരെ കിലോമീറ്റര്‍ ചുറ്റളവിലാണ് സ്റ്റേഷന്‍ പരിധി. മണ്ണ്, മണല്‍ കടത്തിന് കുപ്രസിദ്ധി നേടിയ സ്ഥലങ്ങളുടെ പരിധിയിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഈ ഇനത്തില്‍ പിടികൂടിയ വാഹനങ്ങള്‍ കൊണ്ടാണ് സ്റ്റേഷന്‍ പരിസരം നിറഞ്ഞുകിടക്കുന്നത്.
ഇവിടെ വാഹനങ്ങള്‍ നിറഞ്ഞതോടെ സ്റ്റേഷന് പുറത്ത് റോഡിലും സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമാണ് വാഹനങ്ങള്‍ ഇടുന്നത്. സ്റ്റേഷന്‍ പരിസരത്തുള്ള വാഹനങ്ങള്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതായി തൃത്താല എസ്‌ഐ രജ്ഞിത്ത് പറഞ്ഞു. എത്രയും വേഗം വാഹനങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമെ കെട്ടിടം നിര്‍മിക്കാനാവൂ. അതിന് വേണ്ട നടപടി ഉണ്ടാകേണ്ടതുണ്ട്.
Next Story

RELATED STORIES

Share it