thrissur local

തൃത്താല ശുദ്ധജല പദ്ധതിയുടെ നിര്‍മാണം പാവറട്ടിയില്‍ തുടങ്ങി

പാവറട്ടി: സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ തൃത്താല ശുദ്ധജല പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം പാവറട്ടിയില്‍ തുടങ്ങി. കുന്നംകുളം ചാട്ടുകുളത്ത് എത്തി നില്‍ക്കുന്ന പ്രധാന പൈപ്പ് ലൈന്‍ പാവറട്ടിയിലേക്കു എത്തിക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനാവശ്യമായ വലിയ പൈപ്പുകള്‍ ലോറികളില്‍ എത്തിച്ചുകഴിഞ്ഞു.
ചാട്ടുകുളത്തു നിന്നും ഇരിങ്ങപുറം, ബ്രഹ്മകുളം വഴി പാവറട്ടിയിലേക്കും മുല്ലശേരിയിലേക്കുമുള്ള 13 കിലോമീറ്റര്‍ ദൂരമാണ് പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. കുടിവെള്ള വിതരണത്തിനായി പാവറട്ടി പുളിഞ്ചേരിപടിയിലും മുല്ലശേരി മാനിനയിലും ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വലിയ ജലസംഭരണികള്‍ സ്ഥാപിക്കും.
രണ്ടാം ഘട്ടത്തില്‍ കുടിവെള്ള വിതരണ ശൃംഖല പൂര്‍ത്തിയാക്കും. ഭാരതപ്പുഴയിലെ വെള്ളം തൃത്താലയില്‍ സംഭരിച്ചാണ് കുടിവെള്ള പദ്ധതിക്കായി എത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഭാവനം ചെയ്തിരുന്ന പാവറട്ടി-ചാലിശേരി പദ്ധതിയാണ് തൃത്താല പദ്ധതിയായി പുനര്‍നാമകരണം ചെയ്തിട്ടുള്ളത്.
ചാലിശേരി പദ്ധതിയില്‍ ഉണ്ടായിരുന്ന ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളെ കരുവന്നൂര്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പെടുത്തിയതോടെ പാവറട്ടി, മുല്ലശേരി പഞ്ചായത്തുകളെ പുനര്‍നാമകരണം ചെയ്ത് തൃത്താല കുടിവെള്ള പദ്ധതിയില്‍ ഉള്‍പെടുത്തുകയായിരുന്നു. തൃത്താല കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പാവറട്ടിയുടെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല സേതുമാധവന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 13.5 കോടി രൂപ ചിലവിലാണ് തൃത്താല കുടിവെള്ള പദ്ധതി പാവറട്ടി, മുല്ലശേരി പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 5.61 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുള്ളതായി മുരളി പെരുന്നെല്ലി എംഎല്‍എ അറിയിച്ചു. പദ്ധതി എത്രയുംപെട്ടന്ന് പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it