തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യം പുറത്ത്

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ മുദ്രാവാക്യവുമായി പശ്ചിമ ബംഗാളില്‍ അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ റെയില്‍വേമന്ത്രി മുകുള്‍ റോയി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ടിഎംസി നേതാക്കള്‍ വാര്‍ത്താ സൈറ്റായ നാരദയുടെ ഒളികാമറാ ഓപറേഷനില്‍ കുടുങ്ങി.
ടെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ നടത്തിയ ഒളി കാമറാ ഓപറേഷനായ എക്‌സ് ഫയല്‍സ് ദൃശ്യങ്ങളാണു പുറത്തുവിട്ടത്. മമത ബാനര്‍ജി ഒഴികെയുള്ള തൃണമൂലിന്റെ മിക്ക നേതാക്കളും കാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ശാരദ ചിറ്റ് ഫണ്ട് കേസിലും മുമ്പ് ടിഎംസി നേതാക്കള്‍ ആരോപണവിധേയരായിരുന്നു.
ചെന്നൈ ആസ്ഥാനമായി രൂപീകരിച്ച ഇംപെക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന വ്യാജ കമ്പനിയുടെ പേരില്‍ മന്ത്രിമാരെയും നേതാക്കളെയും സന്ദര്‍ശിക്കുകയായിരുന്നു മാധ്യമസംഘം. സഹായം വാഗ്ദാനം ചെയ്ത നേതാക്കള്‍ കമ്പനി പ്രതിനിധിയില്‍നിന്നു ലക്ഷങ്ങള്‍ കൈപ്പറ്റി. കമ്പനിക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിച്ചുകിട്ടുന്നതിന് ശുപാര്‍ശ ചെയ്യാനും ലോബിയിങ് നടത്താനും തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങിയതായി നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, നിയമവിരുദ്ധമായി എന്തു പ്രവൃത്തി ചെയ്യാനാണ് പണം വാങ്ങുന്നതെന്ന വിശദാംശങ്ങള്‍ വീഡിയോയില്‍ ഇല്ല. പൂര്‍ണദൃശ്യങ്ങള്‍ മണിക്കൂറുകള്‍ വരുമെന്നും എഡിറ്റ് ചെയ്ത വീഡിയോ മാത്രമാണ് പുറത്തുവിട്ടതെന്നുമാണ് സാമുവലിന്റെ പ്രതികരണം.
മുന്‍ റെയില്‍വേമന്ത്രി മുകുള്‍ റോയ്, അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥന്‍ സയ്യിദ് എം എച്ച് മിര്‍സ, ഗ്രാമവികസനമന്ത്രി സുബ്രതാ മുഖര്‍ജി, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സുല്‍ത്താന്‍ അഹ്മദ്, മറ്റൊരു മുന്‍ കേന്ദ്രമന്ത്രി സുഗതാ റോയ്, തൃണമൂല്‍ യുവജനവിഭാഗം പ്രസിഡന്റ് കരണ്‍ ശര്‍മ, മറ്റൊരു യുവനേതാവ് സുവെന്ദു അധികാരി, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ചാറ്റര്‍ജി, നഗര വികസനമന്ത്രി ഫര്‍ഹാദ് ഹക്കീം, മുന്‍മന്ത്രി മദന്‍ മിത്ര, എംഎല്‍എ ഇഖ്ബാല്‍ അഹ്മദ് തുടങ്ങിയവരാണ് കുടുങ്ങിയത്. ഇതില്‍ ചിലര്‍ പണം നേരിട്ടു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ ഓഫിസില്‍ ഏല്‍പിക്കാനോ മൂന്നാമതൊരാള്‍ക്ക് നല്‍കാനോ നിര്‍ദേശിക്കുന്നു.
2014ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പാണ് ഒളികാമറാ അന്വേഷണം ആരംഭിച്ചത്. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടത്തിയ വെളിപ്പെടുത്തലിന് മറ്റു താല്‍പര്യങ്ങളില്ലെന്ന് മാത്യു സാമുവല്‍ പറഞ്ഞു. ഇദ്ദേഹം മുമ്പ് മാനേജിങ് എഡിറ്ററായിരുന്ന മാഗസിന്‍ മുന്നോട്ടുപോയിരുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തന്നെ വ്യവസായികൂടിയായ ഒരു എംപിയുടെ സഹായത്താലായിരുന്നു.
Next Story

RELATED STORIES

Share it