തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദം പാര്‍ട്ടി അന്വേഷിക്കും

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴപ്പണം സ്വീകരിക്കുന്ന ഒളികാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ദൃശ്യങ്ങള്‍ പുറത്തുവിട്ട നാരദാ ന്യൂസിനെ മറ്റ് പാര്‍ട്ടി നേതാക്കള്‍ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. തൃണമൂലിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിമാരുള്‍പ്പെട്ട തൃണമൂല്‍ നേതാക്കള്‍, കമ്പനി ജീവനക്കാരെന്ന വ്യാജേനയെത്തിയവരില്‍ നിന്ന് പണം സ്വീകരിക്കുന്ന ദൃശ്യം കഴിഞ്ഞ മാസമാണ് മാത്യു സാമുവല്‍ എഡിറ്ററായ നാരദ ന്യൂസ് പുറത്തുവിട്ടത്. രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്നായിരുന്നു തൃണമൂല്‍ നേതാക്കളുടെ ഇതേവരെയുള്ള പ്രതികരണം.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ആവശ്യം.
Next Story

RELATED STORIES

Share it