തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വഞ്ചിച്ചെന്നു പരാതി

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വഞ്ചിച്ചെന്നു പരാതി
X
thrinamoolകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മല്‍സരിക്കാന്‍ നിശ്ചയിച്ചവരെ തൃണമൂല്‍ കോ ണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരും കൂട്ടരും വഞ്ചിക്കുകയായിരുന്നുവെന്ന് കൊച്ചി മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബ്ദുല്‍ സമദ് ആരോപിച്ചു. നോമിനേഷന്‍ സമര്‍പ്പണത്തിന് ശേഷം താനടക്കമുള്ള 127 സ്ഥാനാര്‍ഥികളോട് സ്വന്തം ചെലവില്‍ പോസ്റ്ററുകളും ഫഌക്‌സുകളും അടിക്കാന്‍ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനുള്ള പണം ഉടന്‍ വരുമെന്നും അവര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ചിഹ്നമായ പുല്ലും പൂവും പ്രിന്റ് ചെയ്താണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. എന്നാല്‍, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടിക്ക് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ അപേക്ഷ നല്‍കിയതിനാല്‍ ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്നാണ് വരണാധികാരികള്‍ വ്യക്തമാക്കിയത്. കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് അച്ചടിച്ചിട്ടുള്ള ലെറ്റര്‍ പാഡിലാണ് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കാനുള്ള കത്ത് മനോജ് ശങ്കരനെല്ലൂര്‍ നല്‍കിയത്. ഇതാണ് ചിഹ്നം അനുവദിച്ചു കിട്ടാതിരിക്കാന്‍ കാരണമായത്. തുടര്‍ന്ന്, പലരും സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറുകയും മറ്റുള്ളവര്‍ സ്വതന്ത്രരായി മല്‍സരിക്കുകയും ചെയ്യുകയാണ്. പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് പറഞ്ഞിടത്തു പോലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മറ്റ് മുന്നണികളില്‍ നിന്നും പണം കൈപ്പറ്റുകയാണ് മനോജ് ശങ്കരനെല്ലൂരും കൂട്ടരുമെന്നും അബ്ദുല്‍ സമദ് ആരോപിച്ചു. ജനറല്‍ സെക്രട്ടറി ലോനപ്പന്‍ ചക്കാച്ചാംപറമ്പില്‍, സുരേന്ദ്രന്‍ കക്കോടി, സുഭാഷ് കുണ്ടന്നൂര്‍ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് മനോജ് ശങ്കരനെല്ലൂര്‍ മുന്നണികളില്‍ നിന്ന് പണം കൈപറ്റിയത്. സ്ഥാനാര്‍ഥികള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതകള്‍ ഉണ്ടാക്കുകയും പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്തുകയും ചെയ്ത ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചതായും അബ്ദുല്‍ സമദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഭാരവാഹി പി എസ് സിന്ധുകുമാരിയും  പങ്കെടുത്തു.
Next Story

RELATED STORIES

Share it