തൃണമൂലിന്റെ പ്രകടനപത്രിക അഞ്ചു ഭാഷകളില്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ആദ്യമായി അഞ്ച് ഭാഷകളില്‍. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു എന്നിവയ്ക്ക് പുറമെ സന്താലി ഭാഷയില്‍പ്പെട്ട ഒല്‍ചികിയിലുമുണ്ട്. 2011ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ ചെയ്തുവെന്ന് അവകാശപ്പെടുന്ന പത്രികയില്‍ സിംഗൂരിലെ വിവാദ ഭൂമി തിരിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന ബില്ല് കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഭൂമി വിട്ടുനല്‍കാന്‍ താല്‍പര്യമില്ലാത്ത കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് മമതാ ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രദേശത്തെ 600 ഏക്കര്‍ ഫാക്ടറി നിര്‍മാണത്തിന് വിട്ട് നല്‍കിയ ശേഷം 400 ഏക്കര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കും. ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ നാനോ കാര്‍ നിര്‍മാണ ഫാക്ടറിക്ക് വേണ്ടി ഇടതു സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരില്‍ നിന്നേറ്റെടുത്തതായിരുന്നു സിംഗൂരിലെ കൃഷിപ്പാടങ്ങള്‍. കൃഷി ഭൂമി ഏറ്റെടുത്ത് വ്യവസായം ആരംഭിക്കുന്നതിന് മമത തുടക്കം മുതല്‍ എതിരായിരുന്നു.
വ്യവസായ പുരോഗതിക്ക് വേണ്ട പദ്ധതികള്‍ വിവരിക്കുന്ന തൃണമൂലിന്റെ പ്രകടന പത്രികയിലെ എട്ട് പേജിലും സിംഗൂരിനെ പരാമര്‍ശിക്കുന്നില്ല. വാഗ്ദാനം ചെയ്ത 41 മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ 30 എണ്ണത്തിന്റെ പണി പൂര്‍ത്തിയായെന്നും ബാക്കി അന്തിമ ഘട്ടത്തിലാണെന്നും പത്രികയിലുണ്ട്. രണ്ടു രൂപയ്ക്ക് അരി, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സൗജന്യ ആരോഗ്യ പരിരക്ഷ തുടങ്ങിയ പദ്ധതികള്‍ ഇത്തവണയും പത്രികയില്‍ ഇടം പിടിച്ചു.
അതേസമയം, തൃണമൂലിനെതിരേയുണ്ടാക്കിയ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ സീറ്റ് നിര്‍ണയത്തെ ചൊല്ലി ഭിന്നത ഉടലെടുത്തെന്നാണ് റിപോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സിന് വിട്ടുനല്‍കേണ്ട സീറ്റുകളില്‍ കൂടി സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it