തൃണമൂലിനെതിരെ മറ്റു പാര്‍ട്ടികള്‍; കോഴ വിവാദത്തില്‍ അന്വേഷണം വേണം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മന്ത്രിമാരും എംപിമാരും അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴയെന്നാരോപിക്കപ്പെടുന്ന പണം കൈപറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ തൃണമൂല്‍ ഒറ്റപ്പെട്ടു. ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
സത്യം പുറത്തുവരണമെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍ക്കെതിരേ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശൂന്യവേളയില്‍ ബംഗാളില്‍നിന്നുള്ള സിപിഎം എംപി മുഹമ്മദ് സലിമാണ് വിഷയമുന്നയിച്ചത്. പിന്നീട് ബിജെപിയുടെ അഹ്‌ലുവാലിയയും കോണ്‍ഗ്രസ്സിന്റെ ആധിര്‍ രഞ്ജന്‍ ചൗധരിയും തൃണമൂലിനെതിരേ രംഗത്തു വന്നു. ഇത്തരം ആള്‍ക്കാരുടെ കൂടെയാണ് ഇരിക്കുന്നതെന്നത് നാണക്കേടുണ്ടാക്കുന്നുവെന്ന് തൃണമൂല്‍ നേതാക്കളെ ലക്ഷ്യം വച്ച് സലിം പറഞ്ഞു. വിഷയം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണമെന്ന് എസ്എസ് അഹ്‌ലുവാലിയ പറഞ്ഞു. വിഷയം സഭയുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും എആര്‍ ചൗധരി പറഞ്ഞു. വിഷയം പാര്‍ലമെന്റിന്റെ അന്തസ്സിനെ ബാധിച്ചിരിക്കുകയാണെന്നും സത്യം വ്യക്തമാവേണ്ടതുണ്ടെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഒന്നുകില്‍ സര്‍ക്കാര്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അതല്ലെങ്കില്‍ സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും നായിഡു പറഞ്ഞു.
എന്നാല്‍, എന്തടിസ്ഥാനത്തിലാണ് ഈ വിഷയം സംസാരിക്കാന്‍ സ്പീക്കര്‍ അംഗങ്ങളെ അനുവദിച്ചതെന്ന് തൃണമൂല്‍ എംപി സൗഗതാ റോയി ചോദിച്ചു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തയ്യാറാക്കിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും റോയി കൂട്ടിച്ചേര്‍ത്തു. സൗഗതാ റോയിയടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം ഒരു ന്യൂസ് പോര്‍ട്ടല്‍ പുറത്ത് വിട്ടിരുന്നു. നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തൃണമൂല്‍ നേതാക്കള്‍ ഈ പണം കോഴയായി വാങ്ങിക്കുകയായിരുന്നുവെന്നാണ് വീഡിയോ പുറത്തുവിട്ട നാരദാ ന്യൂസിന്റെ അവകാശവാദം.
Next Story

RELATED STORIES

Share it