Kottayam Local

തൃക്കൊടിത്താനത്ത് ബിജെപി-സിപിഎം സംഘട്ടനം

ചങ്ങനാശ്ശേരി: തിങ്കളാഴ്ച രാത്രി ഉണ്ടായ സിപിഎം ബിജെപി സംഘട്ടനത്തെത്തുടര്‍ന്നു ഇരുവിഭാഗത്തിലും ഉള്‍പെട്ട നിരവധി പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. എന്നാല്‍ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ പോലിസ് മുന്‍കരുതലും ശക്തമാക്കി.
ഇരു വിഭാഗത്തിലുംപെട്ട അഞ്ചുപേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.തൃക്കൊടിത്താനം മഹാദേവര്‍ ക്ഷേത്രത്തിലെ  ഉല്‍സവവുമായി ബന്ധപ്പെട്ടാണ് സംഘട്ടനം ഉണ്ടായത്. രണ്ടുദിവസം മുമ്പായിന്നു ഉല്‍സവം ആരംഭിച്ചത്. സംഭവത്തില്‍ ഏതാനും സിപിഎം പ്രവര്‍ത്തകരുടെ വീടും നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
ഒരു ഓട്ടോറിക്ഷാ, മൂന്നു ബൈക്കുകള്‍ എന്നിവയും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. ഒരു ബൈക്കു ക്ഷേത്രക്കുളത്തിലേക്കു തള്ളുകയും ചെയ്തിട്ടുണ്ട്. പുത്തന്‍പുരക്കല്‍ രഞ്ജിത്, കുന്നുംപുറത്ത് ജ്യോതിഷ്, രാമനിലയം പ്രകാശ്, പാഴൂര്‍മഠം തുളസി എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമണം നടന്നത്.
പുത്തന്‍ പുരക്കല്‍ മനോജ്,ശാന്തമ്മ, കുന്നുംപുറത്ത് ജ്യോതിഷ്, ഭാര്യ ആശ, എന്നിവരുടെ രണ്ടരവയസുള്ള മകള്‍ ജീവ, മാതാവ് വല്‍സമ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സതേടി.
കഴിഞ്ഞ കുറെ നാളുകളായി  പുകഞ്ഞുകൊണ്ടിരുന്ന ക്ഷേത്രകമ്മിറ്റിയിലെ തര്‍ക്കം ബിജെപിയും സിപിഎമ്മും ഏറ്റെടുത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പോലിസ് പറഞ്ഞു.  അക്രമണം അഴിച്ചുവിട്ടവരെ പടികൂടാന്‍ പോലിസിനു കര്‍ശന നിര്‍ദേശം ജില്ലാ പോലിസ് ചീഫ് മുഹമ്മദ് റഫീഖ്  നല്‍കിയിട്ടുണ്ട്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it