ernakulam local

തൃക്കാക്കര നഗരസഭ ഭരണത്തിനെതിരേ അവിശ്വാസത്തിന് നോട്ടീസ്

കാക്കനാട്: തൃക്കാക്കര നഗരസഭ ഭരണത്തിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നഗരസഭ വൈസ് ചെയര്‍മാനും ചെയര്‍പേഴ്‌സനുമെതിരേയാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ നോട്ടീസ് മുനിസിപ്പല്‍ ജോ. ഡയറക്ടര്‍ മുമ്പാകെ ഇന്നലെ നല്‍കിയത്.
ആദ്യം വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെതിരേയും രണ്ടാമത്തേത് ചെയര്‍പേഴ്‌സണ്‍ കെ കെ നീനുവിനെതിരേയുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. അടുത്ത പതിനൊന്നിന് വൈസ് ചെയര്‍മാനെതിരേയുള്ള അവിശ്വസ പ്രമേയ ചര്‍ച്ചയും 12 ന് ചെയര്‍പേഴ്‌സനെതിരേയുള്ള അവിശ്വാസ ചര്‍ച്ചയും നടക്കാനാണ് സാധ്യത. 43 അംഗ കൗണ്‍സിലില്‍ യുഡിഎഫിലെ 21 അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ബജറ്റ് ചര്‍ച്ചയിലുണ്ടായ യുഡിഎഫ് എല്‍ഡിഎഫ് പോര് രൂക്ഷമായതാണ് പെട്ടെന്ന് നഗരസഭ ഭരണത്തിനെതിരേ അവിശ്വാസ നോട്ടീസ് കൊടുക്കുവാന്‍ ഇടയായത്.
സിപിഎം ഭരിക്കുന്ന നഗരസഭയില്‍ 43 അംഗങ്ങളില്‍ 20 പേര്‍ ഇടതുപക്ഷ അംഗങ്ങളും 21 പേര്‍ യുഡിഎഫുമാണ്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിലാണ് സിപിഎമ്മിന്റെ നേതൃത്ത്വത്തില്‍ കഴിഞ്ഞ 27 മാസം ഭരണം നടത്തിയത്.
ഇടതുഭരണത്തില്‍ അസ്വസ്തരായ രണ്ട് സ്വതന്ത്രന്മാരും ഭരണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ യുഡിഎഫിനോടൊപ്പം ചേരാന്‍ തയ്യാറായി മുന്നോട്ടുവന്നെങ്കിലും യുഡിഎഫ് അത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ നഗരസഭ ഭരണത്തിലെ കെടുകാര്യസ്ഥതയും വികസന മുരടിപ്പുമാണ് ഇപ്പോള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ ഇടയായത്.
സ്വതന്ത്രന്മാരായ സാബു ഫ്രാന്‍സീസ്, എം എം നാസറുമാണ് ഇടതുപക്ഷത്തെ പിന്തുണക്കുന്നത്. ബജറ്റ് ചര്‍ച്ച വേളയില്‍ എം എം നാസര്‍ യുഡിഎഫിനോട് ഒപ്പം നിന്ന് ബജറ്റ് വോട്ടിനിടാന്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെ കൗണ്‍സില്‍ ഹാളില്‍ അംഗങ്ങള്‍ തമ്മിലടിയും ബഹളവും രൂക്ഷമായതോടെ ബജറ്റ് പാസായതായി അറിയിച്ചു ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു.
Next Story

RELATED STORIES

Share it