ernakulam local

തൃക്കാക്കര നഗരസഭയില്‍ കുടുംബശ്രീയില്‍ കലഹം



കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ കുടുംബശ്രീയില്‍ കലഹം. 40വയസ്സിനു മുകളിലുള്ളവരെ ജോലിയെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയതാണ് കലഹത്തിനു കാരണം. നിലവില്‍ ജോലി ചെയ്യുന്നവരെ ആരേയും ഒഴിവാക്കിയിട്ടില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു. തൃക്കാക്കര നഗരസഭ പ്രദേശത്തെ വീടുകളിലേയും, കച്ചവട സ്ഥാപനങ്ങളിലേയും ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും നഗരസഭ വാഹനത്തില്‍ ശേഖരിക്കുന്ന ജോലിയിലാണ് 40 വയസ്സിനു മുകളിലുള്ള കുടുംബശ്രീ അംഗങ്ങളെ ഒഴിവാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബശ്രീ അംഗങ്ങളായ ലിസി ജോയി, രമണി, സുജാത, ഷൈമ എന്നിവര്‍  പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. എന്നാല്‍ നിലവില്‍ ജോലി ചെയ്യുന്ന ആരേയും ഒഴിവാക്കിയിട്ടില്ലെന്നും പുതുതായി അപേക്ഷ നല്‍കിയവരില്‍ 40വയസിനു മുകളിലുള്ളവരേയാണ് ഒഴിവാക്കിയതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പുതുതായി 30 പേര്‍  നഗരസഭക്ക് അപേക്ഷനല്‍കിയതില്‍ ഇപ്പോള്‍ ആവശ്യമുള്ള പത്തുപേരെ ഉള്‍പ്പെടുത്തായിട്ടുള്ളതായും അവര്‍ വ്യക്തമാക്കി. വീടുകളില്‍ നിന്നും വാഹനങ്ങളില്‍ മാലിന്യം ശേഖരിക്കുബോള്‍ കാര്യക്ഷമത കുറവ് മനസ്സിലാക്കിയും, മറ്റു അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഒഴിവാക്കുന്നതിനാണ് 40 വയസ്സ് നിജപ്പെടുത്തിയതെന്നും കൗണ്‍സിലര്‍ പി എം യൂസഫ് പറഞ്ഞു. ഒഴിവാക്കിയതായി പറയപ്പെട്ട നാലു പേര്‍ 56 വയസിനു മുകളിലുള്ളവരാണെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.  മാലിന്യ ശേഖരണത്തിനായി വീടുകളില്‍ എത്തുന്നവരില്‍ പലരും വീട്ടുകാരോട് മോശമായി പെരുമാറുന്നതായും, നഗരസഭ നിശ്ചയിച്ചിട്ടുള്ള ഫീസ് കൂടാതെ, അനധികൃതമായി വീടുകളില്‍ നിന്നും പിരിവ് നടത്തുന്നതായും പരാതിപ്പെട്ടിട്ടുണ്ട്.20 വര്‍ഷമായി പഞ്ചായത്തായിരുന്നപ്പോള്‍ മുതല്‍ നഗരസഭയിലേയും കുടുംബശ്രീ അംഗങ്ങളായി പല ജോലികളും ചെയ്തിരുന്നവരാണെന്നും, മാലിന്യം ശേഖരിക്കലുമായി ബന്ധപ്പെട്ട്  അധിക ജോലികള്‍ ഉണ്ടാകുമ്പോഴും, ലീവ് വേക്കന്‍സികളിലും ജോലി ചെയ്യുന്നുണ്ടെന്നും, നഗരസഭ പുതിയ വണ്ടികള്‍ വാങ്ങി കൂടുതല്‍ കുടുംബ ശ്രീ അംഗങ്ങളെ ജോലിക്കായി നിയമിക്കുമ്പോള്‍ അതില്‍ മുന്‍ഗണന ഞങ്ങള്‍ക്ക് ലഭിക്കണമെന്നുമാണ് ഒഴിവാക്കപ്പെട്ട നാല് വനിതകളുടെ ആവശ്യം.  പരിഹാരം ഉണ്ടായില്ലെങ്കില്‍ മാലിന്യം ശേഖരിക്കുന്നതിന് പോകുന്ന വണ്ടികള്‍ തടയുമെന്നുമാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്. ഇതു സംബന്ധിച്ച് നശസഭ സെക്രട്ടറിക്ക് പരാതി നല്‍കി. കുടുംബശ്രീ വനിതകള്‍ നഗരസഭ തീരുമാനിക്കുന്ന ജോലികള്‍ ചെയ്യുന്നതിന് 40വയസ്സെന്ന് സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുള്ളതായി അറിയില്ല. അതാത് തദ്ദേശസ്ഥാപനങ്ങളാണ് അക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it