ernakulam local

തൃക്കളത്തൂരില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി. കാവുംപടി കുന്നുകുരുടി റോഡില്‍ നിന്നാണ് ശനിയാഴ്ച രാത്രി  മലമ്പാമ്പ് നാട്ടുകാരുടെ പിടിയിലായത്. അഞ്ച് അടി നീളവും, അഞ്ച് കിലോയോളം ഭാരവുമുള്ള മലമ്പാമ്പാണ് നാട്ടുകാരുടെ പിടിയിലായത്. കുന്നുകുരുടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന മലമ്പാമ്പിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാര്‍ പാമ്പിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്  ഇതുവഴി വരികയായിരുന്ന എല്‍ദോ എബ്രഹാം എംഎല്‍എ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ ഏറ്റെടുക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇവിടെ നിന്നും മലമ്പാമ്പിനെ പിടികൂടുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പത്ത് അടി നീളവും, പത്ത് കിലോയോളം തൂക്കവുമുള്ള മലമ്പാമ്പിനെ പിടികൂടി നാട്ടുകാര്‍ വനം വകുപ്പിന് കൈമാറിയിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും മലമ്പാമ്പിനെ ഒരേ സ്ഥലത്ത് നിന്നും പിടികൂടിയത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്.കഴിഞ്ഞ മഴക്കാലത്ത് കനാല്‍ വഴി ഒഴുകിയെത്തിയ മലമ്പാമ്പിന്റെ കുഞ്ഞുങ്ങളാകാം ഇവയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇനിയും മലമ്പാമ്പിനെ കാണുമെന്ന ഭീതിയോടെയാണ് പ്രദേശ വാസികള്‍ കഴിച്ച് കൂട്ടുന്നത്.
Next Story

RELATED STORIES

Share it