kasaragod local

തൃക്കരിപ്പൂര്‍-ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎമ്മില്‍ വിഭാഗീയത

കാസര്‍കോട്: സിപിഎം കാലാകാലങ്ങളില്‍ വിജയിക്കുന്ന ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയില്‍ വിഭാഗീയതക്കിടയാക്കുന്നു. രണ്ട് തവണ എംഎല്‍എയായ കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂരില്‍ ഇപ്രാവശ്യം മല്‍സരത്തിനുണ്ടാവില്ല. പകരം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി പി പി മുസ്തഫ, എം രാജഗോപാല്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
ജില്ലാ കമ്മിറ്റിയില്‍ ഒന്നിലേറെ പേര് ഉയര്‍ന്നതിനാല്‍ സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നു. അതേസമയം സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ ഈ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. മുമ്പ് രണ്ട് തവണ ഇദ്ദേഹം ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.
കഴിഞ്ഞ തവണ എട്ടായിരത്തോളം വോട്ടുകള്‍ക്കാണ് കെ കുഞ്ഞിരാമന്‍ വിജയിച്ചത്. ഇപ്രാവശ്യം കോണ്‍ഗ്രസ് ശക്തമായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സതീശന്‍പാച്ചേനി, കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇവിടെ പരിഗണനയിലുള്ളത്.
മണ്ഡലത്തിലെ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തവണ കെ കുഞ്ഞിരാമന്‍ വിജയിച്ച ഉദുമ സീറ്റിലും സിപിഎമ്മില്‍ ഒന്നിലേറെ പേര്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യുഡിഎഫ് ഈ മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടോളം സിപിഎം ഭരിച്ച ഉദുമ പഞ്ചായത്ത് ഭരണം ലീഗ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുളിയാര്‍ പഞ്ചായത്തും ലീഗ് തിരിച്ചുപിടിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കെ കുഞ്ഞിരാമനെ മാറ്റണമെന്ന് പ്രബല വിഭാഗം ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉദുമ മണ്ഡലത്തിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠന്റെ പേര് ഉയര്‍ന്നിട്ടുണ്ട്. ഒന്നിലേറെ സ്ഥാനാര്‍ഥികളുള്ളതിനാല്‍ പ്രശ്‌നം സംസ്ഥാന കമ്മിറ്റിക്ക് മുന്നിലാണ്.
മണ്ഡലം നിലനിര്‍ത്താന്‍ മുതിര്‍ന്ന നേതാവും രണ്ട് തവണ എംഎല്‍എയുമായിരുന്ന പി രാഘവന് സീറ്റ് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
മലയോര മേഖലയില്‍ ഏറെ സ്വാധീനമുള്ള പി രാഘവനെ പരീക്ഷിച്ചാല്‍ മണ്ഡലം നിലനിര്‍ത്താമെന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിക്ക് കീറാമുട്ടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it