kasaragod local

തൃക്കരിപ്പൂരില്‍ പുരാവസ്തു പ്രദര്‍ശനം

തൃക്കരിപ്പൂര്‍: സാക്ഷരത മിഷനും പുരാവസ്തു വകുപ്പും ചേര്‍ന്ന് തുല്യതാ പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചു വരുന്ന പ്രദര്‍ശനത്തിന്റെ ജില്ലയിലെ ആദ്യ പ്രദര്‍ശനം തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ ജി സറീന അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഷാജുജോണ്‍ പദ്ധതി വിശദീകരണം നടത്തി.
കളരികളില്‍ ഉപയോഗിച്ചു വന്ന ഉറുമി, വീടുകളിലെ ഓട്ടുകിണ്ണം, വിളക്കുകള്‍, കാര്‍ഷിക ഉപകരണമായ ഉവ്വേണി, നേരമറിയാന്‍ ഉപയോഗിച്ചിരുന്ന നാഴിക വട്ട, ഇന്ത്യയിലെയും വിദേശത്തെയും പഴക്കമുള്ള നാണയങ്ങള്‍, കറന്‍സികള്‍, നാല്‍പത് വര്‍ഷം പഴക്കമുള്ള ഫിലിം കാമറ, മഹാത്മാ ഗാന്ധിയുടെ ആത്മകഥ, നെഹ്‌റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍,’ കേരള ചരിത്രം, ഭഗവത് ഗീതയുടെ പഴയ പതിപ്പ്, പഴയകാല സുവനീറുകള്‍, ഉരല്‍, ഉലക്ക, ഉറി, മന്ത്, ചെല്ലം, ആഭരണപെട്ടി തുടങ്ങി 130ല്‍പരം ഇനങ്ങളാണ് പഠിതാക്കള്‍ വഴി പ്രദര്‍ശനത്തില്‍ എത്തിച്ചത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ ബാവ, ബ്ലോക്ക് പഞ്ചായത്തംഗം സി രവി, സാക്ഷരതാ മിഷന്‍ അസി. കോഓഡിനേറ്റര്‍ പി പി സിറാജ്, കെ വി രാഘവന്‍, ചിത്ര ആലക്കാട്ട്, ടി വി പ്രീന, ടി വി വിനോദ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it